Tuesday, 11 October 2011

കോഴിക്കോടന്‍ പൊട്ടാസു പരിപാടി


കോളേജില്‍ ഒരു വിദ്യാര്‍ഥി പഠിക്കരുത് എന്ന് പറഞ്ഞു ഗുണ്ടായിസം കാട്ടുന്ന എസ്.എഫ്.ഐക്കാരുടെ കലാപരിപാടി ആരെ ബോധിപ്പിക്കാനാണെന്ന് ചോദിച്ചാല്‍ അതിനു ഉത്തരം പറയാനുള്ളവര്‍ ചാനല്‍ മൈക്കിനു മുന്‍പില്‍ ഇതിനോടകം നിരന്നിട്ടുണ്ടാകാം. അവരുടെ വിഴുപ്പലക്കലുകള്‍ മറ്റൊരു വഴിക്ക് തുടരട്ടെ..
ഇവിടെ പറയുന്നത് ഒരു സിനിമയുടെ ആക്ഷന്‍ ക്ലിപ്പിംഗ് ആണ്. ആക്ഷന്‍ സ്റ്റാര്‍‍ സുരേഷ് ഗോപിയുടെ വെടി, ഇടിവെട്ട്, ഷിറ്റ്, ഡയലോഗ് എല്ലാമുള്ള ഒരു വെടിക്കെട്ട്‌ പരിപാടി. സ്ഥലം ഇത്രയും വായിച്ചപ്പോള്‍ മനസിലായി കാണും. പിള്ളേര്‍ കല്ലെറിയുന്നതോടെ ആണ് സംഭവങ്ങളുടെ തുടക്കം. ക്യാമറ മൂവ് ചെയ്യുമ്പോള്‍ കാണുന്നത് കേരളാ പോലീസിന്റെ ട്രേഡ് മാര്‍ക്കുള്ള ഒരു ഏമാന്‍ (അസി. കമ്മിഷണര്‍) സുരേഷ് ഗോപി സ്റ്റൈലില്‍ "ഷിറ്റ്" "ഷിറ്റ്" പറഞ്ഞു തോക്കുമായി കുംഭ കുലുക്കി വരുന്നതാണ്. നാല് ചുവടു വെച്ച് തീര്‍ത്തതും രണ്ടു തവണ സര്‍വിസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടി വെച്ചതും സിനിമ സ്റ്റൈലില്‍ തന്നെ.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പിള്ളാര്‍ കളിത്തോക്കില്‍ പൊട്ടാസ് വെച്ച് പൊട്ടിക്കുന്നത് പോലെ. "ഡിഷ്യും.. ഡിഷ്യും.." വെടി കൊണ്ടോ എന്ന് ചോദിച്ചാല്‍... ഇല്ല. കാരണം പൊട്ടിച്ചത് കേരളാ പോലീസ് അല്ലേ...
നാല് കല്ലുമായി വരുന്ന പിള്ളേരെ നേരിടാന്‍ വെടിയും പൊഹയും എന്തിനെന്ന് ഒന്നാമത്തെ ചോദ്യം. കലാപമാണെങ്കില്‍ തന്നെ ഏമാന് സര്‍വിസ് റിവോള്‍വര്‍ ഉപയോഗിക്കാന്‍ ആരാണ് ഓര്‍ഡര്‍ കൊടുത്തത്‌..? ചട്ടങ്ങള്‍ അനുസരിച്ചാണ് വെടി വെച്ചതെന്ന് പറയുന്ന സിറ്റി പോലീസ് കമ്മിഷണര്‍, നെഞ്ചിനു നേരെ ഈ ഏമാന്‍ വെടി വെച്ചത് ഏതു ചട്ടമാണെന്നു പറയാന്‍ ധൈര്യം ഉണ്ടാകുമോ..? 

No comments: