Friday, 28 June 2013

അഴിമതി: വാ മൂടി സര്‍ക്കാരും; തൊള്ളകീറി പ്രതിപക്ഷവും... ജനങ്ങള്‍ക്കെന്ത്?രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതലാണ് പരിധിക്കു പുറത്തായ പൂജ്യങ്ങള്‍ നിരന്ന അഴിമതി കഥകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ വാക്കുകളില്‍ പറഞ്ഞാല്‍ ആകാശവും ഭൂമിയും പാതാളവും വായുവും എല്ലാം കച്ചവടം ചെയ്യുകയും അതിലൂടെ പോക്കറ്റ് വീര്‍പ്പിക്കുകയും ചെയ്ത കഥകള്‍. 2ജി സ്‌പെക്ട്രം, എസ് ബാന്‍ഡ് സ്‌പെക്ട്രം, കല്‍ക്കരിപ്പാടം, ഹെലികോപ്ടര്‍ ഇറക്കുമതി, കോമണ്‍വെല്‍ത്ത് കളി തുടങ്ങി ജെപിസിയും സിഎജിയും സിബിഐയും സിവിസിയും എജിയും എഎസ്ജിയുമെല്ലാം അഴിമതി വിവാദത്തില്‍ മുങ്ങിയും പൊങ്ങിയും നുരച്ചു മതിക്കുന്നു.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആണവക്കരാറായിരുന്നു വിവാദങ്ങളിലെ വില്ലന്‍. നാലര വര്‍ഷം വരെ ചര്‍ച്ച നടത്തിയിട്ടും ചായക്കപ്പിലും കശുവണ്ടി പാത്രത്തിലും മാത്രമായി ഒതുങ്ങിയ ആണവ വ്യവഹാരം തെരഞ്ഞെടുപ്പില്‍ ബാധയാകുമെന്ന അവസ്ഥയിലെത്തിയതോടെ ഇടത് പാര്‍ട്ടികള്‍ പാലം വലിച്ച് യുപിഎ സര്‍ക്കാരിനെ കുരിശില്‍ നിര്‍ത്തി. എന്നിട്ടും സര്‍ക്കാര്‍ താഴെ പോയില്ല. വിശാല മനസ്‌കരായ സമാജ്‌വാദി പാര്‍ട്ടി ഉടന്‍ തന്നെ താങ്ങുമായി രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ നിരവധി പൂജ്യങ്ങളുടെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എസ്പി, ബിഎസ്പി നേതാക്കന്മാരെ സിബിഐയെ കാട്ടി കൂടെനിര്‍ത്തിയെന്നാണ് അന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇതു തന്നയാണ് അഴിമതിയുടെ പൂജ്യങ്ങള്‍ നിരന്നിട്ടും രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസ്ഥ. തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ചില ചെറു പാര്‍ട്ടികളുമെല്ലാം കൊഴിഞ്ഞു പോയെങ്കിലും യുപിഎ അധികാരത്തില്‍ തുടരുന്നു. അഴിമതിക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നുള്ള ആവര്‍ത്തിച്ചുള്ള വാഗ്ദാനങ്ങളുമായി.
എന്നാല്‍, ഈ അഴിമതി കഥകള്‍ യുപിഎയ്ക്ക് എതിരേ ഉപയോഗിക്കുന്ന ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാകട്ടെ ആരോപണങ്ങള്‍ ഉന്നയിച്ചു പാര്‍ലമെന്റ് നടപടികള്‍ മാത്രം തടസപ്പെടുത്താനുള്ള തിരക്കിലും. ഇതിനിടെ, യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണെന്നു ഉറക്കത്തില്‍ പോലും വിളിച്ചു പറയുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്ന നിതിന്‍ ഗഡ്കരി തത്സ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. അധികാരത്തിലിരുന്ന തെക്കന്‍ രാജ്യത്ത് (കര്‍ണാടക) അഴിമതി കഥകളില്‍ നിലതെറ്റി താഴെ വീഴുകയും ചെയ്തു. പെട്രോളിയം വില വര്‍ധയുടെ പേരില്‍ യുപിഎയില്‍ നിന്നു പിണങ്ങിപ്പോയ തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ, ശാരദാ ചിട്ടിഫണ്ട് തിരിമറിയിലെ ആരോപണങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. രാജയും കനിമൊഴിയും എല്ലാം കുരുക്കിലായ ഡിഎംകെ അടുത്തതാരാണ് അകത്തോട്ട് എന്നതില്‍ വഴിക്കണ്ണുമായാണ് ഇരിക്കുന്നത്. അഴിമതിക്കെതിരേ പടവാളോങ്ങി നില്‍ക്കുന്നവരുടെ ഭരണകാല കഥകളും കൂടി പുറത്തുവരാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പെരുവഴിയില്‍ നിസഹായരായി നില്‍ക്കുകയുമാണ്. ആരെ വിശ്വസിക്കും? ആര് ജനങ്ങള്‍ക്കു വേണ്ടി ഭരണം നടത്തും?

ഭരിക്കുന്നവര്‍ അഴിമതിക്കാര്‍; ബാക്കിയുള്ളവരോ?

2ജി സ്‌പെക്ട്രം ഇടപാട് പുറത്തുവന്നതോടെയാണ് അഴിമതിയുടെ 13 അക്കങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്തത്. ആകാശവും ഭൂമിയിലെ കമ്പിക്കാലുകളും ചില കുത്തക കമ്പനികള്‍ക്ക് വിറ്റുതീര്‍ത്തതാണ് ഇതിലൂടെ വെളിവായത്. രണ്ടാം ജനറേഷന്‍ മൊബൈല്‍ ടെക്‌നോളജി രാജ്യത്തെ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തതിന്റെ പിന്നിലെ പോക്കറ്റ് വീര്‍പ്പിക്കല്‍. ടെലഫോണ്‍ ചാര്‍ജ് പത്ത് പൈസക്ക് വരെ ലഭിക്കുമെന്ന് കണ്ണ് മഞ്ഞളിപ്പിക്കുന്ന വാഗ്ദാനം നല്‍കിയ കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന എ. രാജ, കോള്‍ ചാര്‍ജ് പത്ത് പൈസയിലെത്തുന്നതിനു മുമ്പേ സിബിഐയുടെ കൈയില്‍ അകപ്പെട്ട് ജയിലിലായി. ഇടപാടുകള്‍ പരിശോധിച്ച രാജ്യത്തിന്റെ കണക്കപ്പിള്ള (സിഎജി) വായില്‍ കൊള്ളാത്ത നഷ്ടമാണ് വെളിപ്പെടുത്തിയത്- 1.76 ലക്ഷം കോടി.
ആദ്യം ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുകയും ഇഷ്ടക്കാര്‍ക്ക് വാരിക്കോരി കൊടുക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയ കമ്പനികള്‍ ഉണ്ടാക്കിയതും അതിന്റെ കൈക്കൂലി ഇഷ്ടക്കാരുടെ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് കോടികളായി എത്തിയെന്നും കണ്ടെത്തിയതോടെയാണ് രണ്ടാം യുപിഎ സര്‍ക്കാരില്‍ ആദായമുണ്ടാക്കിയ കക്ഷി ഡിഎംകെയുടെ രണ്ട് പ്രധാനികള്‍ അകത്തായത്. സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ച എയര്‍സെല്ലിന്റെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിക്കു വില്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിനുള്ള കൈക്കൂലി സഹോദരന്റെ ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്‌വര്‍ക്ക് കമ്പനിയിലേക്ക് നിക്ഷേപിക്കുകയും ചെയ്ത മന്ത്രി ദയാനിധി മാരനും ഇതിനു പിന്നാലെ രാജിവച്ചു. എന്നാല്‍, സംഭവത്തെ കുറിച്ചു സിബിഐ അന്വേഷിക്കുകയും അതിന്റെ മേല്‍നോട്ട ചുമതല സുപ്രീംകോടതി ഏറ്റെടുക്കുകയും ചെയ്തിട്ടും കൂടുതല്‍ അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഒരു സമ്മേളന കാലം പൂര്‍ണമായും ബിജെപി വെള്ളമൊഴിച്ചു കളഞ്ഞു.
ഒരു സമ്മേളനം പൂര്‍ണമായും കളഞ്ഞുകുളിച്ചതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവച്ച സര്‍ക്കാര്‍, ഒടുവില്‍ ജെപിസി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. (ജെപിസി അന്വേഷണം കൊണ്ട് ഒരു കരയിലും എത്തില്ലെന്നു അന്നേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.) ഇതോടെ, പ്രധാനമന്ത്രിക്കും ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനുമെതിരേയായി അടുത്ത നീക്കം. അതിന്റെ അലയൊലികള്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നതിനിടയിലും ശമനമുണ്ടായിട്ടില്ല. പാര്‍ലമെന്റ് തടസപ്പെടുത്തലിന്റെയും. കൃത്യമായി ശമ്പളവും അലവന്‍സും എല്ലാം വാങ്ങി സഭയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന പാര്‍ട്ടികള്‍ ജനങ്ങളുടെ വിഷയങ്ങള്‍ പറയാനുള്ള അവസരങ്ങള്‍ കളഞ്ഞു കുളിക്കുന്നതിന്റെ ഉത്തരവാദിത്വം ഒട്ട് ഏറ്റെടുക്കാനും തയാറായിട്ടുമില്ല. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ പോലും സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ദിവസങ്ങളിലെ ശമ്പളവും അലവന്‍സും വേണ്ടെന്നു പറയാനും തയാറുമല്ല.
സ്‌പെക്ട്രം വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്, എസ് ബാന്‍ഡ്, ആദര്‍ശ് ഫഌറ്റ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നത്. കോമണ്‍വെല്‍ത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ആരോപണ വിധേയരായതിനാല്‍ ഗെയിംസ് ഒരുക്കത്തിനായുള്ള ധൂര്‍ത്തില്‍ ചില പൊടിപ്പും തൊങ്ങലും മാത്രം ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചു. അധികാരം മുഴുവന്‍ കൈയാളിയിരുന്ന സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി കുറേക്കാലം ജയിലിലും കിടന്നു. ഇടയ്ക്കിടയ്ക്ക് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരേ ബിജെപി മുനവച്ച് സംസാരിക്കുമ്പോള്‍ മറുപടിയായി കോമണ്‍വെല്‍ത്ത് സംഘാടക സമിതി ഉപാധ്യക്ഷനും സംസ്ഥാന പ്രതിപക്ഷ നേതാവുമായിരുന്ന വി.കെ. മല്‍ഹോത്രയ്‌ക്കെതിരേ കോണ്‍ഗ്രസുകാരും ആരോപണം ഉന്നയിക്കുന്നതോടെ പരസ്പരം പറഞ്ഞ് ഇരു കൂട്ടരും കോംപ്ലിമെന്‍സാക്കും.
ഇതിനു പിന്നാലെയാണ് എസ് ബാന്‍ഡ് കരാറിലെ അഴിമതി ചര്‍ച്ചയായത്. സൈന്യം, ബഹിരാകാശ ഗവേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രൂപം നല്‍കിയ എസ് ബാന്‍ഡ് സ്‌പെക്ട്രം സ്വകാര്യ കമ്പനിക്കു നല്‍കിയതാണ് വിവാദമായത്. എൈസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലായിരുന്നു ഇത് സംബന്ധിച്ച കരാര്‍ ഉണ്ടാക്കിയത്. രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതി എന്നായിരുന്നു ഇതിന്റെ പേര്. എന്നാല്‍, കരാര്‍ റദ്ദാക്കിയതോടെ രണ്ട് ലക്ഷം കോടി വട്ടപ്പൂജ്യമായി. റദ്ദാക്കിയില്ലായിരുന്നെങ്കില്‍ രണ്ട് ലക്ഷം കോടി നഷ്ടമുണ്ടാകുമെന്നു കണക്കുകൂട്ടിയവര്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രിയുടെ രാജി തേടി. എന്നിട്ടും സര്‍ക്കാര്‍ കുലുങ്ങിയില്ല. സംഭവത്തിന്റെ അലയൊലി അടങ്ങിയതോടെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്ന പേരില്‍ മലയാളിയും ഐഎസ്ആര്‍ഒ മുന്‍ മേധാവിയുമായ മാധവന്‍ നായര്‍ അടക്കം നാലു ശാസ്ത്രജ്ഞരെ വിലക്കി അധ്യായവും അടച്ചു.
എന്നാല്‍, പതിമൂന്ന് അക്കത്തിന്റെ മറ്റൊരു ഭൂതത്തെയാണ് സിഎജി അടുത്തതായി തുറന്നുവിട്ടത്. കല്‍ക്കരിപ്പാടം കൈമാറ്റ ഇടപാടിലെ ക്രമക്കേടുകളായിരുന്നു അത്. കല്‍ക്കരിഖനിയുടെ ചുമതല പ്രധാനമന്ത്രിയുടെ കൈവശമുണ്ടായിരുന്ന കാലത്തെ ഏര്‍പ്പാടും കൂടിയായതിനാല്‍ സംഭവം ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ക്കു ലോട്ടറി അടിച്ച സന്തോഷം. 2ജി പറഞ്ഞ് നാക്കുളുക്കി കിടന്ന കോണ്‍ഗ്രസിനു കൂടുതല്‍ തലവേദനയും. അഴിമതി എന്നു കേള്‍ക്കുമ്പോള്‍ തങ്ങളുണ്ടാകുമോ എന്നു പേടിച്ചിരുന്ന ഡിഎംകെയ്ക്കു ആശ്വാസവും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബംഗാള്‍, ഒറീസ, ബിഹാര്‍ എന്നിങ്ങനെ കറുത്ത പൊന്നിന്റെ സുഖം ഫണ്ടുകളായും കൈക്കൂലിയായും ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ശക്തമായി രംഗത്തെത്തി. 150 ലേറെയുള്ള കല്‍ക്കരിപ്പാടങ്ങള്‍ കൈമാറ്റം ചെയ്തതില്‍ റിലയന്‍സ് അടക്കമുള്ള കുത്തക കമ്പനികളും ഉണ്ടായിരുന്നതിനാല്‍ പാര്‍ട്ടികള്‍ക്ക് ആവേശം കൂടുകയായിരുന്നു.
1.86 ലക്ഷം കോടിയായിരുന്നു സിഎജി കണക്കാക്കിയ നഷ്ടം. എന്നാല്‍ 2ജി കണക്കുകൊണ്ട് വെള്ളം കുടിച്ച സര്‍ക്കാര്‍ കല്‍ക്കരിക്കു നഷ്ടം വരാന്‍ ഇതുവരെ കുഴികുത്താന്‍ തുടങ്ങിയില്ലെന്നു വാദം ഇറക്കി. ഒപ്പം കുഴിക്കാന്‍ തുടങ്ങാതിരുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാനും തുടങ്ങി. കല്‍ക്കരിപ്പാടം കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്നു ആര്‍ത്തുവിളിക്കുന്ന ബിജെപിയാകട്ടെ, പ്രധാനമന്ത്രി രാജിവയ്ക്കണമെന്നത് ഒഴികെ കൈമാറ്റം ചെയ്തത് പുനഃപരിശോധിക്കണമെന്നു മാത്രമേ ആവശ്യപ്പെട്ടിരുന്നുമുള്ളു. ഇതിനിടെ, ഒരു ദശലക്ഷത്തോളം ഹെക്ടര്‍ വനഭൂമിയും ജനവാസ ഭൂമിയും അപ്രത്യക്ഷമാകുന്ന കല്‍ക്കരിപ്പാടമാക്കലിലൂടെ 40 വര്‍ഷം കൊണ്ട് നദിയെ നശിപ്പിക്കല്‍, മൃഗങ്ങളെ കൊന്നൊടുക്കല്‍, ആവാസ വ്യവസ്ഥ നശിപ്പിക്കല്‍, ആദിവാസി സമൂഹത്തെ കുടിയൊഴിപ്പിക്കല്‍, വനസമ്പത്ത് കൊള്ളയടിപ്പിക്കല്‍ തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന പല പ്രശ്‌നങ്ങളും രാഷ്ട്രീയ ഇടപെടലോടെ കുഴിച്ചുമൂടപ്പെടുകയും ചെയ്തു.  
ഇടയ്ക്ക് ഒരുവേള ഒറ്റക്കോളത്തിലേക്ക് പിന്മാറിയ കരിവിവാദം സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലോടെയാണ് വീണ്ടും സജീവമായത്. കല്‍ക്കരിപ്പാടം കൈമാറ്റത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന സിബിഐയുടെ റിപ്പോര്‍ട്ട് നിയമമന്ത്രിയായിരുന്ന അശ്വനി കുമാറും പ്രധാനമന്ത്രിയുടെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരും അറ്റോര്‍ണി ജനറലും അഡീഷണല്‍ സോളിസിറ്റര്‍ ജനറലും മാറി മാറിയാണ് തിരുത്തലുകള്‍ നിര്‍ദേശിച്ചത്. റിപ്പോര്‍ട്ട് തിരുത്തിയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്വേഷണ ഏജന്‍സിയെന്ന് ആരോപിക്കപ്പെടുന്ന സിബിഐ സര്‍ക്കാരിനെതിരേ രംഗത്തെത്തിയതോടെ ബിജെപി വീണ്ടും ആവേശത്തിലായി. പ്രധാനമന്ത്രിയുടെ രാജി അല്ലാതെ സഭ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോളവര്‍. ഇടത് പാര്‍ട്ടികളാകട്ടെ, സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും. ഇക്കാര്യത്തില്‍ സര്‍ക്കാരാകട്ടെ വാ മൂടിക്കെട്ടിയ അവസ്ഥയിലും. കാര്യം പരിശോധിക്കുന്ന സുപ്രീംകോടതി ഇക്കാര്യത്തില്‍ സിബിഐയെ പരിശുദ്ധമാക്കാന്‍ ആരംഭിച്ചതിനിടയില്‍, അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ വിളിച്ചു വരുത്തിയ നിയമമന്ത്രി അശ്വിനി കുമാറിനെ രാജിവയ്പ്പിച്ച് സര്‍ക്കാര്‍ തലയൂരുകയും ചെയ്തു.
ഇതോടൊപ്പം ഉന്നത പദവി നിയമനത്തിനു കൈക്കൂലി നല്‍കിയ കേസില്‍ റെയില്‍വേ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലിന്റെ മരുമകനെ സിബിഐ പിടികൂടിയതോടെ പൂജ്യങ്ങളുടെ അഴിമതി കഥകളില്‍ സര്‍ക്കാരിനു ഒരു തൂവല്‍ കൂടിയായി. ബന്‍സലിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ മുന്നില്‍ അന്വേഷണം പുരോഗമിക്കുകയാണ്, അഴിമതി തെളിയട്ടെ, അപ്പോള്‍ രാജിവയ്ക്കാമെന്ന പതിവു പ്രതികരണം നടത്തി സര്‍ക്കാര്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും റിപ്പോര്‍ട്ട് തിരുത്തിയ സംഭവവും കൂടിയായതിനാല്‍ പതിവു തന്ത്രങ്ങള്‍ വിലപ്പോയില്ല. രണ്ട് പേരെയും രാജിവെപ്പിച്ചതോടെയാണ് കടുത്ത ആക്രമണങ്ങളില്‍ നിന്നു തത്കാലം മോചനമായത്. മന്ത്രിമാരുടെ രാജി ഉണ്ടായെങ്കിലും പ്രധാനമന്ത്രിക്കെതിരേയുള്ള പ്രതിപക്ഷ ആക്രമണത്തിന്റെ വീര്യം കുറയാത്തത് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നുമുണ്ട്. ഇതിനു പകരത്തിനു പകരമെന്ന അടവാണ് കോണ്‍ഗ്രസും ലക്ഷ്യമാക്കുന്നത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ചുമായാണ് കോണ്‍ഗ്രസ് തിരിച്ചടി നല്‍കിയത്.
പൂജ്യങ്ങളുടെ അഴിമതി കഥയില്‍ പൊന്‍തൂവല്‍ ചാര്‍ത്തി മൂക്കോളം മുങ്ങിയ അവസ്ഥയിലാണെങ്കിലും അടുത്ത പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന 2014 മേയ് വരെ പിടിച്ചു നില്‍ക്കാമെന്ന ആത്മവിശ്വാസം തന്നെയാണ് കോണ്‍ഗ്രസിനുള്ളത്. കര്‍ണാടകയില്‍ നിന്നുള്ള വിജയം കൂടിയായതിനാല്‍ എന്തൊക്കെ സംഭവിച്ചാലും കടിച്ചതു വിടില്ലെന്ന വാശിയും. പണ്ടൊക്കെ ധാര്‍മ്മികത എന്നൊക്കെ കേട്ടാല്‍ രാജിവക്കും എന്നൊക്കെ പുറമേയെങ്കിലും പറയുമായിരുന്നു. പതിമൂന്നും പതിനാറും പൂജ്യങ്ങളുള്ള അഴിമതി കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നതിനാല്‍ ധാര്‍മ്മികത എന്നൊക്കെ പറയുന്നത് മനഃസാക്ഷിയോടു പോലും ഇപ്പോഴത്തെ ഭരണക്കാര്‍ പറഞ്ഞതായിട്ടു ആരും കേട്ടിട്ടുമില്ല. ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെന്നതുകൊണ്ട് പ്രധാനമന്ത്രിയുടെ രാജിയിലൂടെ മാത്രമേ ഇതെല്ലാം മാറ്റാനാകൂയെന്നാണ് മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ വാദം. ഈ അഴിമതി കഥയെല്ലാം കേട്ട് അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങള്‍ക്ക് അധികാരം കൈമാറുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, ആര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന വിഷയത്തിലെ ചര്‍ച്ചകളും തമ്മില്‍ത്തല്ലുമാണ് കുറേനാളായി ബിജെപിക്കുള്ളില്‍ നടക്കുന്നതെന്നു മാത്രം.

സാധാരണ ജനങ്ങള്‍ക്കുള്ള ബന്ധം

യുപിഎ സര്‍ക്കാരിനെതിരേ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്‌നങ്ങള്‍ സാധാരണ ജനങ്ങളെ നേരിട്ടു ബാധിക്കുന്നതാണോ എന്ന കാര്യത്തില്‍ സംശയമാണ്. അത്തരത്തിലൊരു ഘടകം ഈ വിഷയങ്ങളില്‍ ഉണ്ടെങ്കില്‍ തന്നെ അക്കാര്യങ്ങള്‍ ഉന്നയിക്കേണ്ട വേദികളില്‍ പോലും ചര്‍ച്ചയാക്കിയിട്ടില്ല. സാധാരണ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളുണ്ടായാല്‍ പോലും അത് മറ്റു വിഷയങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ് ജനപ്രതിനിധികള്‍ പോലും ചെയ്യുന്നത്. അതിനുദാഹരണമാണ് പാചകവാതക സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും ദാരിദ്ര്യരേഖ നിര്‍ണയിക്കുന്നതിനുള്ള ആസൂത്രണ കമ്മീഷന്റെ മാനദണ്ഡം നിശ്ചയിക്കലും.
പാചക വാതക സിലിണ്ടറുകള്‍ക്കുള്ള പരിധി ഒരു കുടുംബത്തിനു ആറെണ്ണമാക്കി കുറച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ ഉണ്ടായ സാധാരണക്കാരന്റെ പ്രശ്‌നം പാര്‍ലമെന്റില്‍ പോലും ഒരു പ്രധാന ചര്‍ച്ചാ വിഷയമായില്ല. അപ്പോഴത്തെ വിഷയം ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതും ചില്ലറ മേഖലയിലെ കുത്തക ഭീമന്‍ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വേരുപിടിപ്പിക്കുന്നതുമായിരുന്നു. വാള്‍മാര്‍ട്ടിനെതിരേ ഉയര്‍ത്തിയ പ്രതിഷേധ സമരത്തില്‍ ഒന്നു പോലും എല്‍പിജി സിലിണ്ടര്‍ കുറച്ച തീരുമാനത്തിനെതിരേ ഉണ്ടായില്ല.
ദാരിദ്യരേഖ നിര്‍ണയിക്കാന്‍ ആസൂത്രണ കമ്മീഷന്‍ കണ്ടുപിടിച്ച വിഖ്യാത നിര്‍വചനം (ഗ്രാമത്തിലുള്ള ഒരു കുടുംബം 28 രൂപ വരെയും നഗരത്തിലുള്ള ഒരു കുടുംബം 32 രൂപയും ദിവസം ഉണ്ടാക്കിയാല്‍ അവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാകും) ഒരു നേരത്തെ ആഹാരം കഴിക്കുന്ന സാധാരണക്കാരന്റെ അന്നത്തെ അവഹേളിക്കുന്നതാണെന്നു ആര്‍ക്കും മനസിലാക്കാവുന്നതാണെങ്കിലും അധികാര വര്‍ഗ്ഗം ഇക്കാര്യത്തില്‍ ചെറിയ എതിര്‍പ്പ് പോലും ഉയര്‍ത്തിയതായി കണ്ടില്ല. ഈ വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലുണ്ടായ ചെറിയ സംസാരമിങ്ങനെയാണ്: വാള്‍മാര്‍ട്ടിനെ കുറിച്ചു പ്രതിഷേധിക്കുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും കിട്ടുന്ന 'പ്രയോജനം' ഗ്യാസ് പറഞ്ഞാല്‍ കിട്ടില്ലല്ലോ.

അഴിമതി വിരുദ്ധ സമരവും ലോക്പാലും

2ജി സ്‌പെക്ട്രം അഴിമതി വിഷയം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമരം പൊട്ടിപ്പുറപ്പെടുന്നത്. അഴിമതി നിയന്ത്രിക്കുന്നതിന് അധികാരമുള്ള ഒരു ഭരണഘടനാ സ്ഥാപനമായി ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളും നിയമപരമായി രൂപീകരിക്കുന്നതിനുള്ള ജനലോക്പാല്‍ നടപ്പിലാക്കണം. ഗാന്ധീയന്‍ അണ്ണാ ഹസാരെ സത്യാഗ്രഹ സമരവുമായി രംഗത്തെത്തിയതോടെ അഴിമതിയില്‍ മനംമടുത്ത് കിടന്ന ജനം അവിടേക്ക് ഒഴുകി. ജന്തര്‍ മന്തറിലും രാംലീല മൈതാനിലും പതിനായിരങ്ങള്‍ അണിനിരന്നു. പ്രതിപക്ഷത്തിന്റെ കുറവാണ് അപ്പോള്‍ അവിടെ നികന്നത്. ജനഹിതം എന്തെന്നു അറിയാവുന്നവര്‍ ചുരുക്കമായ സര്‍ക്കാര്‍ പ്രതിനിധികള്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കി വന്നപ്പോഴേക്കും ഭരണഘടനാ പരിഷ്‌കര്‍ത്താക്കളുടെയും രണ്ടാം സ്വാതന്ത്ര്യ സമര നേതാക്കളുടെയും റോളിലേക്ക് അഴിമതി വിരുദ്ധ സംഘടനകളുടെ നേതാക്കള്‍ മാറിക്കഴിഞ്ഞിരുന്നു.
പിന്നീട് നടന്നത് അധികാരത്തിന്റെ ഇടനാഴിയിലുള്ളവരും ഭരണ പരിഷ്‌കര്‍ത്താക്കളായി സ്വയം അവരോധിച്ചവരും തമ്മിലുണ്ടായ വടംവലികളാണ്. ഭരണഘടനാ ശില്പികളെ പോലും നാണംകെടുത്തുന്ന തരത്തില്‍ ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളും ലോക്പാല്‍ എന്ന അഴിമതി കാവല്‍ക്കാരന്റെ കീഴില്‍ കൊണ്ടുവരണമെന്ന ശാഠ്യത്തില്‍ അഴിമതി വിരുദ്ധ സമരത്തിന്റെ ആശയങ്ങള്‍ പതറി. ഇതിനിടെ, അണ്ണാ ഹസാരെയുടെ കൂടെ കൂടിയവര്‍ അധികാരത്തിന്റെ മാര്‍ഗവും പക്ഷപാത സമീപനങ്ങളും സ്വീകരിച്ചതോടെ ജനങ്ങള്‍ കൈവിട്ടു. ഒടുവില്‍ അരാഷ്്ട്രീയവാദം പറഞ്ഞ് ജനമനസിലേക്ക് ഇടിച്ചു കയറിയ ഹസാരെ സംഘാംഗം അധികാരം ലക്ഷ്യമാക്കി രാഷ്്ട്രീയ പാര്‍ട്ടിക്കും രൂപം നല്‍കി. ഇതോടെ ജനങ്ങളുടെ ഇടയില്‍ പൊട്ടിപ്പുറപ്പെട്ട അഴിമതി വിരുദ്ധ സമരം പോരാളികളില്ലാത്ത യുദ്ധക്കളമായി ആറിത്തണുത്തു.
എന്നാല്‍, അണ്ണാ ഹസാരെ ഉയര്‍ത്തിയ അഴിമതി വിരുദ്ധ സമരാഹ്വാനം ജനങ്ങളുടെ ഇടയില്‍ ഒരു ആവേശം ഉയര്‍ത്തിയിട്ടുണ്ട് എന്നതു സത്യമാണ്. ഹസാരെ സമരത്തിന്റെ ശരിയായ ഫലം സ്വീകരിക്കാനിരിക്കുന്ന ബിജെപിയും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അഴിമതിയില്‍ യുപിഎ വിരുദ്ധ വികാരം വോട്ടായി മാറുമോ എന്നതാണ് ഉറ്റുനോക്കുന്നതും. ഇക്കാര്യത്തില്‍ ശരാശരി നിലവാരം പോലുമില്ലാത്ത ബിജെപിയുടെ അഴിമതി വിരുദ്ധ സമരങ്ങളെ ഭൂരിഭാഗം വോട്ടര്‍മാരും അംഗീകരിക്കുന്നുമില്ല. എന്നിരുന്നാലും അഴിമതിയും യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ജനങ്ങളുടെ മനസില്‍ പൊട്ടിപ്പുറപ്പെട്ട അഴിമതി വിരുദ്ധ സമരം നിലവിലുള്ള ജനവിരുദ്ധ വ്യവസ്ഥിതികള്‍ക്കെതിരേയും അധികാര വര്‍ഗത്തിന്റെ (അതില്‍ രാഷ്്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടും) ദുര്‍നടപ്പുകള്‍ക്കെതിരേയുമായതിനാല്‍ പാര്‍ട്ടികള്‍ മാറി ഭരണത്തിലെത്തുന്നത് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കില്ല എന്ന തിരിച്ചറിവ് മറ്റൊരു ജനകീയ സമരത്തിനിടയാക്കാനുള്ള സാധ്യതയാണുള്ളത്. ജനങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കാതെ തത്പര വിഷയങ്ങളില്‍ മാത്രമുള്ള നിലവിലുള്ള സമീപനങ്ങള്‍ വിദൂരത്തിലല്ലാതെ അത്തരത്തിലുള്ള ജനമുന്നേറ്റങ്ങളിലേക്കെത്തിക്കുമെന്നും അത് മുഖാന്തരമുണ്ടാകുന്ന ദുരന്തങ്ങള്‍ രാജ്യത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുമെന്നും ചിന്തകന്മാര്‍ വിലയിരുത്തുന്നുമുണ്ട്.