Monday, 20 May 2013

ചെന്നായ്ക്കള്‍ പതിയിരിക്കുന്നു; നിങ്ങള്‍ക്കൊപ്പം
ഒരു ഇരയെ കണ്ടെത്തിയാല്‍ പല വഴികളിലൂടെ ഓടിച്ച് രക്ഷപെടാനാകാത്ത സ്ഥലത്തെത്തിച്ച് കൂട്ടത്തോടെ വന്യമായി കടിച്ചുകീറി ഭക്ഷിക്കുന്ന മാംസഭുക്കുകളാണ് ചെന്നായ്ക്കള്‍. ചെറിയ മുയലുകളെയാണെങ്കിലും വലിയ കാട്ടുപോത്തുകളെയാണെങ്കിലും ഇതേരീതിയില്‍ തന്നെയാണ് ഈ കാട്ടുനായ്ക്കള്‍ വേട്ടയാടുന്നത്. സമാനമായ രീതിയില്‍ തന്നെയാണ് മനുഷ്യരായ ചില കാട്ടുവാസികള്‍ സ്ത്രീകളോടും കുട്ടികളോടും പെരുമാറുന്നതെന്നു ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു.
പരിഷ്‌കൃതരെന്നു കരുതുന്ന നമുക്കൊപ്പം ജീവിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണ് അവസരത്തിലും അനവസരത്തിലും ചെന്നായ്ക്കളുടെ യഥാര്‍ഥ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത് എന്നതാണ് ഈ സംഭവങ്ങളുടെ മറനീക്കിയ വശങ്ങള്‍ വ്യക്തമാക്കുന്നതും. സ്വന്തം കണ്ണിനു മുമ്പില്‍ ഇതെല്ലാം നടന്നാലും ഗാന്ധാരി കണ്ണുമൂടി കെട്ടിയതു പോലെ നമ്മളും നമ്മളെ സംരക്ഷിക്കേണ്ടവരും അതിനായി നിയോഗിക്കേണ്ടവരും തിരശീലകളുടെ പിന്നിലേക്ക് ഓടിയൊളിക്കുന്നു. നഗര മധ്യത്തിലൂടെ ഓടിയ ബസിനുള്ളില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തതു മുതല്‍ വീടിനുവെളിയില്‍ ഓടിക്കളിച്ചു കൊണ്ടു നിന്നിരുന്ന അഞ്ചു വയസുകാരി ബാലികയെ പിച്ചിക്കീറിയതു വരെയുള്ള സംഭവങ്ങള്‍ ഈ ചെന്നായ്ക്കളുടെ തേര്‍വാഴ്ചയും സംരക്ഷിക്കേണ്ടവര്‍ ഓടിയൊളിക്കുന്നതുമായ രംഗങ്ങളാണ് തുറന്നുകാട്ടിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുടുംബത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും മാനത്തിനും വില കല്പിക്കുന്നവര്‍ റോഡിലും അധികാരത്തിന്റെ മുന്നിലും നിരന്നെങ്കിലും ദിനംപ്രതി ഈ വേട്ടയാടലുകള്‍ സങ്കല്‍പത്തിന്റെ പോലും അതിര്‍വരമ്പുകള്‍ അതിലംഘിച്ച് അരങ്ങുതകര്‍ക്കുന്നത് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

മനുഷ്യത്വത്തിന്റെ ചോരയുറയുന്ന കിരാതത്വം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളും വേട്ടയാടലുകളും പുതിയ സംഭവങ്ങളല്ലെന്നും ഡല്‍ഹിയില്‍ മാത്രമല്ല രാജ്യവ്യാപകമായി നടക്കുന്നവയാണെന്നും ന്യായീകരിച്ച് ഇന്നു നേരിടുന്ന ഈ ഗുരുതരമായ പ്രശ്‌നത്തെ വഴിതിരിക്കുന്നില്ല. അത്തരത്തില്‍ പറഞ്ഞ് വിഷയത്തെ വഴിതിരിക്കുന്നത് യാഥാര്‍ഥ്യങ്ങളുടെ മുമ്പില്‍ നിന്നു ഓടിയൊളിക്കുന്നതിനു തുല്യമാണ്. (ഇത്തരത്തില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത് ആരൊക്കെയാണെന്നു തിരിച്ചറിയേണ്ടതും ഇവിടെ അത്യാവശ്യമാണ്). രാജ്യതലസ്ഥാനത്ത് സ്ത്രീകളും കുട്ടികളും സുരക്ഷിതമില്ലെന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാന സംഭവമായ ബസിലെ കൂട്ടബലാത്സംഗവും അതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളിലേക്കും മടങ്ങിവരാം.
രാജ്യം അക്ഷരാര്‍ഥത്തില്‍ നടുങ്ങിയ സംഭവം തന്നെയായിരുന്നു 2012 ഡിസംബര്‍ 16 നു ദക്ഷിണ ഡല്‍ഹിയില്‍ ജനത്തിരക്കേറിയ റോഡിലൂടെ ഓടിയ ബസില്‍ വിദ്യാര്‍ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും അതിക്രൂരമായി പീഡിപ്പിച്ച് മൃതപ്രായയാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞതും. കൂട്ടത്തിലുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ മര്‍ദ്ദിച്ച് ബോധം കെടുത്തിയതിനു ശേഷമായിരുന്നു ആ ചെന്നായ്ക്കള്‍ പെണ്‍കുട്ടിയെ വലിച്ചുകീറിയത്. പല്ലും നഖവും ഉപയോഗിച്ചാണ് ചെന്നായ്ക്കള്‍ ഇരയെ ആക്രമിക്കുന്നതെങ്കില്‍ കമ്പിയും കല്ലും ഗുഹ്യഭാഗങ്ങളില്‍ പ്രയോഗിച്ച് ഭീകരമായാണ് ഈ അബലയായ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഭീകരവാദികള്‍ പോലും ചെയ്യാനറയ്ക്കുന്ന അക്രമ രീതികളാണ് അവിടെയുണ്ടായത്.
കൂട്ടമാനഭംഗത്തിനു ശേഷം റോഡിലേക്ക് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടിയെയും സുഹൃത്തിനെയും വഴിയിലൂടെ പോയവര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നതും മനുഷ്യത്വം വറ്റിവരളുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വെളിവാക്കിയത്. റോഡരികില്‍ നഗ്നയായി കിടന്ന പെണ്‍കുട്ടിക്ക് ഒരു തുണി കൊടുക്കാന്‍ ആരും തയാറായില്ലെന്നും പുരുഷ സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ലഭിച്ച വിവരത്തെ തുടര്‍ന്ന് ചുവന്ന ലൈറ്റും സൈറണുമായി പ്രധാന നിരത്തുകളിലൂടെ പാഞ്ഞു നടക്കുന്ന നിയമപാലകര്‍ എത്തിയതും മണിക്കൂറിനു ശേഷം.
ചോരയുറഞ്ഞു പോകുന്ന ഈ സംഭവത്തിനു പിന്നാലെ പെണ്‍കുട്ടികളുള്ള വീട്ടുകാര്‍ മാത്രമല്ല, ലോകം മുഴുവനും മാനത്തിനും ജീവനും സുരക്ഷിതത്വം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത് മനുഷ്യത്വത്തെ കശാപ്പു ചെയ്യുന്നതിനെതിരേയായിരുന്നു. അണപൊട്ടിയ പ്രതിഷേധം രാജ്യത്തിന്റെ അധികാര കേന്ദ്രം നിറഞ്ഞു നില്‍ക്കുന്ന റെയ്‌സിനാ കുന്നിനെ പിടിച്ചു കുലുക്കിയിട്ടും, നടപടികള്‍ എടുക്കുകയാണെന്നു മൈക്കുകളിലൂടെ വിളമ്പുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തന ഫലങ്ങള്‍ ചെന്നായ്ക്കള്‍ ചോരയൊലിക്കുന്ന പല്ലും നഖവുമായി അലയുന്ന കാഴ്ചയാണ് ഓരോ സംഭവങ്ങളിലൂടെ വെളിവാക്കി തരുന്നത്.
'നിര്‍ഭയ' എന്നു പേരിട്ട ബസിനുള്ളിലെ കൂട്ടബലാത്സംഗത്തിനു ശേഷവും സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ കണക്കുകളാണ് ഔദ്യോഗികമായി തന്നെ പുറത്തുവരുന്നതും. 2013 ജനുവരിക്കു ശേഷം രാജ്യത്ത് നടന്ന പീഡന കേസുകള്‍ മാത്രം 436 എണ്ണമാണ്. ഇതില്‍ 238 എണ്ണം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെയാണെന്നതും ഈ കിരാതത്വത്തിന്റെ ഭയാനകത്വം വ്യക്തമാക്കുന്നു. ഒടുവിലത്തേത് ഡല്‍ഹിയുടെ സഹനശക്തി നഷ്ടപ്പെടുത്തിയ അഞ്ചു വയസുകാരി ബാലികയ്ക്കു നേരെയുണ്ടായ അരുംക്രൂരതയും. ആളുകള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ പതിയിരുന്ന ചെന്നായ്ക്കളാണ് അവിടെയും ചോരക്കൊതി തീര്‍ത്തത്. 
വെറും ചോരക്കൊതി എന്നു പറഞ്ഞ് ബാലികയ്ക്കു നേരെയുണ്ടായ പൈശാചികത്വത്തെ തള്ളിക്കളയാനാവില്ല. ചോരക്കണ്ണുകളെ പോലും തിരിച്ചറിയാനാകാത്ത പിഞ്ചു കുഞ്ഞിനെ പിച്ചിക്കീറിയതിലൂടെ ചെകുത്താന്മാര്‍ക്ക് എന്ത് സംതൃപ്തിയാണ് ലഭിച്ചതെന്ന ചോദ്യത്തിനു ഉത്തരവുമില്ല. വഴിയിലാകട്ടെ, ജോലി സ്ഥലങ്ങളിലാകട്ടെ, വിദ്യാലയങ്ങളിലാകട്ടെ സ്ത്രീകളും കുട്ടികളും സുരക്ഷിതമല്ലെന്ന സാധാരണ വസ്തുത, ചെന്നായ്ക്കള്‍ വെറിപിടിച്ചിറങ്ങി തുടങ്ങിയതോടെ പൊതു ജനങ്ങളുടെ ഇടയില്‍ മാത്രമല്ല സ്വന്തം വസതികളില്‍ പോലും സുരക്ഷിതരല്ലെന്ന സ്ഥിതിയിലേക്ക് മാറി കഴിഞ്ഞു. സ്വന്തം പിതാവിനെയോ സഹോദരനെയോ ബന്ധുജനങ്ങളെയോ പോലും വിശ്വസിക്കാനാകാത്ത അവസ്ഥ. ചോരക്കണ്ണുമായി കാത്തിരിക്കുന്നവര്‍ ഏത് സമയത്തും സാഹചര്യത്തിലും ആക്രമിക്കാന്‍ സാധ്യതയില്‍ ജീവിതം മുന്നോട്ടു നീക്കേണ്ട അവസ്ഥയിലാണ് ഡല്‍ഹിയും പരിസര പ്രദേശങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നത്.
ഇത് തങ്ങളുടെ കാരണങ്ങളാലുണ്ടായതാണോയെന്നാണ് ഭയാനകമായ ഈ സ്ഥിതിയിലും ഭരിക്കുന്നവരും ഉദ്യോഗസ്ഥരും നിയമപാലകരുമെല്ലാം അടങ്ങുന്ന സര്‍ക്കാര്‍ മെഷിനറി ചോദിക്കുന്നത്. ഉണ്ടാക്കുന്നത് സര്‍ക്കാരല്ലെങ്കിലും ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയില്ലേ? മാനത്തിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാവില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാരും സംവിധാനങ്ങളും? അതുകൊണ്ടു തന്നെ ചെന്നായ്ക്കളെ കൂട്ടിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായെങ്കിലേ മതിയാകൂ. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നതെന്നു കണ്ടുപിടിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍, ഇപ്പോഴും ഫ്രീസറിലിരിക്കുന്ന സര്‍ക്കാര്‍ ഇതിന് എന്തു മറുപടിയാണ് കൊടുക്കാന്‍ പോകുന്നതെന്നു കാത്തിരുന്നു കാണാം.

സര്‍ക്കാര്‍ മെഷിനറികള്‍ ഫ്രീസറിലോ..?

'നിര്‍ഭയ' സംഭവത്ത തുടര്‍ന്ന് സര്‍ക്കാര്‍ വളരെ പെട്ടെന്നാണ് ഒരു കമ്മിറ്റിയെ നിയോഗിച്ച് ചില നിയമങ്ങള്‍ പരിഷ്‌കരിച്ചത്. റെയ്‌സിനാ കുന്നുവരെ ഇളക്കിമറിച്ച് പ്രതിഷേധത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഇതു മതിയാക്കി. ബാക്കിയുള്ള പ്രതിഷേധങ്ങളും പരിഹാര ക്രിയകളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ ജനങ്ങളുടെ പ്രതിഷേധം പടിക്കു വെളിയിലുമായി. അതുകൊണ്ടു തത്കാലം കണ്ണില്‍ പൊടിയിടാനായി നടപടിയെടുത്തു എന്നു പറയുന്ന സര്‍ക്കാരിന് അതിലൂടെ എന്ത് ഫലം ജനങ്ങള്‍ക്കു ലഭിച്ചു എന്നു പറയാനാവുമോ?
ബസും ഓട്ടോറിക്ഷയും ലഭിക്കാതെ മണിക്കൂറുകള്‍ റോഡില്‍ നിന്നതിനെ തുടര്‍ന്നാണ് 'നിര്‍ഭയ' കേസിലെ പെണ്‍കുട്ടി ആളൊഴിഞ്ഞ ബസ് കണ്ടപ്പോള്‍ കയറിയത്. ബസ് കാത്തു നിന്നപ്പോളാണ് നേപ്പാളി സ്വദേശിയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഈ പശ്ചാത്തലത്തില്‍ പോലും ഡല്‍ഹിയിലെ പൊതുഗതാഗതം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചോ? മണിക്കൂറുകള്‍ കാത്തിരുന്നാല്‍ പോലും ചില റൂട്ടുകളില്‍ ബസ് ലഭിക്കില്ല എന്നത് കൂടുതല്‍ പരിതാപകരമായതല്ലാതെ ഈ സംവിധാനത്തിനു ഒരു കൃത്യതയും നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ ഭരിക്കുന്നവര്‍ക്കു കഴിഞ്ഞിട്ടില്ല.
നിയമ പാലനവും ക്രമസമാധാനവും ഉറപ്പ് വരുത്തേണ്ട പോലീസാകട്ടെ, ജനങ്ങളുടെ കാര്യത്തിനാണെങ്കില്‍ കീ കൊടുത്താല്‍ മാത്രം ചലിക്കുന്ന പാവകളാണ്. മറിച്ചാണെങ്കില്‍ ചെന്നായ്ക്കള്‍ക്ക് വക്കാലത്ത് എഴുതുന്ന കുറുക്കന്മാരും. ഡല്‍ഹിയിലെ അരക്ഷിതാവസ്ഥയിലുള്ള ചര്‍ച്ചയിലാണെങ്കില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരസ്പരം പഴിചാരി കളിക്കുകയും. തങ്ങള്‍ക്ക് അധികാരമില്ലെന്നു ഡല്‍ഹി സര്‍ക്കാരും സംസ്ഥാനത്തെ വിഷയങ്ങളില്‍ ഇടപെടുന്നതിനു പരിമിതികളുണ്ടെന്നു ഡല്‍ഹി പോലീസിനെ ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും പതിവുരീതിയില്‍ കൈമലര്‍ത്തുന്നതും ഭീകരമായ ഈ അവസ്ഥയില്‍ പോലും അതിസാധാരണമായി തന്നെ. സുരക്ഷിതത്വ പ്രശ്‌നത്തില്‍ ഇതു രണ്ടാമത്തെ തവണയാണ് ജനകീയ പ്രക്ഷോഭങ്ങള്‍ അണപൊട്ടി പുറത്തുവന്നത്. എന്നിട്ടും ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നതില്‍ പോലീസിനുള്ളില്‍ പോലും ഒരു ചര്‍ച്ചകളും നടക്കുന്നില്ല.
ജനങ്ങള്‍ക്കു വേണ്ടി നില്‍ക്കേണ്ട ജനപ്രതിനിധികളാകട്ടെ, പ്രതിഷേധങ്ങള്‍ അണപൊട്ടിയപ്പോള്‍ ഓടിയൊളിക്കുകയായിരുന്നു. ഭരണകര്‍ത്താക്കള്‍ പോലീസിനെ അണിനിരത്തി കോട്ടകുത്തളങ്ങള്‍ക്കുള്ളില്‍ പതിയിരിക്കുകയാണുണ്ടായത്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന ഒരു വരേണ്യ നേതാവിനെയും ഈ സമയത്ത് കണ്ടില്ല. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട നിയമ നിര്‍മ്മാണ സഭകളില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച് പേരിന് ഒരു ചര്‍ച്ച നടന്നെങ്കിലും അത് പൂര്‍ത്തിയാക്കുകയോ പരിപാര നിര്‍ദേശങ്ങള്‍ തീരുമാനിക്കുകയോ ഉണ്ടായില്ല. നടപടിയെടുക്കേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡേയോട് മറുപടി പറയാനും ആരും ആവശ്യപ്പെട്ടില്ല. പ്രക്ഷോഭങ്ങളുമായി ഇറങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാകട്ടെ, അടുത്ത തെരഞ്ഞെടുപ്പുകളില്‍ ലഭിക്കേണ്ട വോട്ടുകളാണ് ലക്ഷ്യമാക്കിയത്. ജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്കു പരിഹാരമായി ഒരു നിര്‍ദേശവും ഇവര്‍ മുന്നോട്ടു വെച്ചുമില്ല.

ചങ്ങലയ്ക്കിടേണ്ടത് ആരെയൊക്കെ.. ?

പിഞ്ചുകുഞ്ഞിനെ പോലും പ്രകൃതി വിരുദ്ധമായ രീതിയില്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ചെന്നായ്ക്കളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന ഈ അവസ്ഥയില്‍ ഇതെങ്ങനെ നിയന്ത്രിക്കണമെന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. പ്രധാനമന്ത്രി സിവില്‍ സര്‍വീസുകാരോട് പറഞ്ഞതുപോലെ തന്നെ ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുകയും വേണം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെങ്കില്‍ ഭരിക്കുന്നവരും ഉദ്യോഗസ്ഥരും നിയമ പാലകരുമെല്ലാമുള്ള സര്‍ക്കാര്‍ സംവിധാനം ആളുകളെ സഹകരിപ്പിച്ച് മുന്നോട്ടു പോകണം. ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നു ഉദ്യോഗസ്ഥരെയും നിയമ പാലകരെയും ശരിയായ അര്‍ഥത്തില്‍ ബോധ്യപ്പെടുത്തുകയും അതിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയും വേണം.
സ്ത്രീകളെയും കുട്ടികളെയും പീഡീപ്പിക്കുകയും പതിയിരുന്ന് ആക്രമിക്കുകയും ചെയ്യുന്നവര്‍ ഭീരുക്കളായ ചുരുക്കം ചിലര്‍ മാത്രമാണ്. ഇവരെ സമൂഹത്തില്‍ നിന്നും കുടംബങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇവരെ സംരക്ഷിക്കുന്നവരെയും. അത് പോലീസിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും ഭരിക്കുന്നവരാണെങ്കിലും സമൂഹം ഒറ്റപ്പെടുത്തുക തന്നെ വേണം. ഏത് കുറ്റവാളിയാണെങ്കിലും അവന് സ്വാധീനത്തിന്റെയോ പണത്തിന്റെയോ പിന്‍ബലമുണ്ടെങ്കില്‍ നിയമം പോലും വഴിമാറി കൊടുക്കുന്ന അവസ്ഥയാണ് ഇന്നുള്ളതുകൊണ്ടാണ് ചെന്നായ്ക്കള്‍ മറയില്ലാതെ വെറിപൂണ്ട് നടക്കാന്‍ കാരണമായത്. ഇത്തരത്തിലുള്ളവരെ ചങ്ങലയ്ക്കിടാന്‍ പ്രദേശത്തുള്ളവര്‍ ഒറ്റക്കെട്ടായി ശ്രമിച്ചെങ്കിലേ മതിയാകൂ.
കുറ്റവാളികളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ ചെറുക്കാനും ജനകീയ കൂട്ടായ്മകള്‍ക്കേ സാധിക്കൂ. അധികാരവും പണവും മാത്രമല്ല, ജനങ്ങളുടെ ശക്തിയെന്തെന്ന് അറിയാനും ഇതല്ലാതെ പരിഹാരമുണ്ടാകില്ല. ജനകീയ കൂട്ടായ്മയ്ക്കു ആദര്‍ശവും കൊടിയും ഒരു വേറുകൃത്യമുണ്ടാക്കാന്‍ അവസരം നല്‍കിയാല്‍ ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി ഈ ചെന്നായ്ക്കള്‍ മുതലെടുക്കുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.
ആളുകളുടെ മനോഭാവമാണ് പ്രശ്‌നമെങ്കില്‍ അതിനു അനുസൃതമായ ബോധവത്കരണം നടത്താനാണ് സര്‍ക്കാരും അധികൃതരും ശ്രമിക്കേണ്ടത്. ജനങ്ങളില്‍ നിന്നു ഒളിച്ചോടാനല്ല. അക്രമങ്ങള്‍ വര്‍ധിക്കുന്ന അവസ്ഥയെങ്കില്‍ അതിനു പ്രതിവിധിയുണ്ടാക്കാനും പോലീസിന് മാര്‍ഗ നിര്‍ദേശങ്ങളുണ്ട്. ഹെല്‍മറ്റ് വെക്കുന്നതിലും ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കുന്നതിലും കാട്ടുന്ന കാര്യക്ഷമത ക്രമസമാധാനം പാലിക്കുന്ന കാര്യത്തിലും കൂടി നടപ്പിലാക്കിയാല്‍ ചെന്നായ്ക്കളെ നിയന്ത്രിക്കാനാകും.
വേലി തന്നെ വിളവു തിന്നുന്ന ഒരു കാര്യം കൂടി ഇതോടൊപ്പം പറയാതിരിക്കാനാവില്ല. വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി വിട്ടൂടേയെന്നു അടുത്തിടെ സുപ്രീംകോടതി സര്‍ക്കാരുകളോട് ചോദിച്ചിരുന്നു. ഡല്‍ഹിയിലുള്ള മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ജഡ്ജികള്‍ക്കുമായി ആളൊന്നിനു 15 ഓളം പോലീസുകാരാണ് വീടുപണി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സംരക്ഷണം നടത്തുന്നതത്രേ. ഗ്രേഡനുസരിച്ച് ഇതിന്റെ എണ്ണം കൂടും. ഇത്രയും പേരെന്തിനെന്നു ജനങ്ങള്‍ ചോദിക്കുമ്പോള്‍ ഇവരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാരും കോടതിയും തീരുമാനിക്കുന്നോയെന്നാണ് അധികാരികളും കുറേക്കാലമായി ഉറ്റുനോക്കുന്നത്. എന്നിരുന്നാലും എല്‍സിഡി ടിവി കൊടുത്ത് ചിലര്‍ മാന്യന്മാരായതു (കേരളത്തിലെ എല്‍സിഡി വിവാദം) വച്ചിട്ടെങ്കിലും ചോദ്യം ചോദിച്ച സുപ്രീംകോടതി ജഡ്ജിമാരെങ്കിലും ഇക്കാര്യത്തില്‍ പോലീസിന്റെ എണ്ണം കുറച്ച് മാന്യത കാട്ടാമായിരുന്നു.No comments: