Monday, 20 May 2013

'എന്നാലും എന്റെ പൊന്നേ...'
* പൊന്ന് കൂട്ടുന്ന കുരുക്കുകള്‍


ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സായിരുന്ന വല്‍സമ്മ തോമസിനെ 2012 ഓഗസ്റ്റ് 15 ന് പെട്ടെന്നു കാണാതായി. മകളെ സ്‌കൂളില്‍ വിട്ടതിനു ശേഷം മടങ്ങിയെത്തിയതിനു ശേഷമാണ് അടൂര്‍ സ്വദേശിനി വല്‍സമ്മയെ കാണാതായത്. പോലീസും മലയാളികള്‍ അടക്കമുള്ള നാട്ടുകാരും രണ്ടു ദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ച് കൊലചെയ്യപ്പെട്ട നിലയില്‍ വല്‍സമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടയില്‍ കൊലപാതകികളായവരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്ഥലത്തെ പോലീസ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
അന്വേഷണം വഴി തെറ്റിക്കുകയാണെന്നു മനസിലാക്കിയ ബന്ധുക്കളും നാട്ടുകാരും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും എംപിമാരെയും ഇക്കാര്യം അറിയിക്കുകയും അവര്‍ ശക്തമായി ഇടപെടുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ കഥ ചുരുള്‍ നിവരുന്നതും. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സായ വല്‍സമ്മയെ അയല്‍വാസി ബീനയ്ക്ക് കുത്തിവയ്‌പ്പെടുക്കുന്നതിനായി മകന്‍ വിളിച്ചു കൊണ്ടു പോകുകയും അവിടെവച്ചു അമ്മയും മകനും ചേര്‍ന്നു ഇവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഏഴര പവനോളം വരുന്ന സ്വര്‍ണാഭരണം കൈക്കലാക്കാനായിരുന്നത്രേ ഈ അരുംകൊല ഇവര്‍ ചെയ്തതും.
തുടര്‍ന്നു പോലീസ് നടത്തിയ നാടകീയ രംഗങ്ങളാണ് ഈ സംഭവം വലിയ വിവാദത്തിലെത്തിച്ചത്. നഴ്‌സിനെ കാണ്മാനില്ല എന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംഭവം നടന്ന ഈ വീട്ടില്‍ (അറിയപ്പെടുന്ന ക്രിമിനലുകളെന്നു നേരത്തെ തന്നെ അറിയപ്പെട്ടിരുന്നവരാണ് അമ്മയും മകനും) മാത്രം അന്വേഷണം നടത്താന്‍ തയാറാകാത്തതും നാട്ടുകാരില്‍ സംശയമുയര്‍ത്തി. സംഭവം കടുത്ത പ്രതിഷേധത്തിലേക്ക് കടന്നതോടെ മൃതദേഹം സംഭവസ്ഥലത്തു നിന്നു മാറ്റാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് അരുംകൊലയെ കുറിച്ചുള്ള വിവരം പുറത്തായത്. ലക്‌നോയില്‍ നിന്നുള്ള ആംബുലന്‍സ് ഡ്രൈവര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന്.
ഇതിനിടെ, നാട്ടിലെ ഗുണ്ടാസംഘത്തിന്റെ കേന്ദ്രമായിരുന്ന ഈ വീട്ടുകാരുമായും പോലീസുമായുമുള്ള ബന്ധം ചര്‍ച്ചയായതോടെ സംഭവത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രിയുടെയും സ്ഥലം സന്ദര്‍ശിച്ച എംപിമാരായ ആന്റോ ആന്റണി, പി.ടി. തോമസ് എന്നിവരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നു അന്വേഷണം മലയാളിയായ എസ്പി ഹാപ്പി ഏറ്റെടുത്തു. ഇതേ തുടര്‍ന്നാണ് കൊലയാളി മാതാവ് പിടിയിലായതും. സ്വര്‍ണാഭരണങ്ങള്‍ മറ്റുള്ളവര്‍ക്കു കാണാവുന്നതു പോലെ അണിഞ്ഞ് നടന്നിരുന്ന വത്സമ്മയെ അമ്മയും മകനും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ചികിത്സയ്ക്കായി വിളിച്ചുവരുത്തിയതും കൃത്യത്തിനിടെ കൊലപ്പെടുത്തിയതും.
ഹാത്രസില്‍ നടന്നത് പദ്ധതി തയാറാക്കിയുള്ള കൊലപാതകമായിരുന്നെങ്കില്‍ റായ്ബറേലിയില്‍ മലയാളിയായ വിജയമ്മയുടെ കൊലപാതകത്തില്‍ കലാശിച്ചത് സ്വര്‍ണം കവരാനുള്ള പെട്ടെന്നുള്ള തന്ത്രത്തിലായിരുന്നു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശിനി വിജയമ്മയെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനു ശേഷം 20 കിലോമീറ്റര്‍ അകലെ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഏഴര പവനോളം തൂക്കമുള്ള സ്വര്‍ണമാണ് ഇവിടെയും വില്ലനായത്.


'എന്റെ പൊന്നേ...'

സ്‌നേഹവും വാത്സല്യവുമൊക്കെ തികട്ടി വരുമ്പോള്‍ ഒരു തവണയെങ്കിലും തന്റെ പ്രിയപ്പെട്ടവരെ മലയാളി ഇങ്ങനെയൊന്നു വിളിക്കാതിരിക്കില്ല. അത്രമാത്രം വിധേയത്വമാണ് മലയാളിക്ക് പൊന്നിനോടുള്ളത്. ഒരു കരുതല്‍ ധനം എന്നതു മാത്രമല്ല സ്വര്‍ണവുമായുള്ള മലയാളിയുടെ ബന്ധം. അവരുടെ ജീവിത രീതിയിലും ആചാരങ്ങളിലും വസ്ത്രധാരണത്തിലും സൗന്ദര്യ സങ്കല്‍പങ്ങളിലും ഫാഷന്‍ ഭ്രമങ്ങളിലും വരെ ഈ മഞ്ഞ ലോഹത്തിന്റ സ്വാധീനം ചെറുതല്ല. അതുകൊണ്ടു തന്നെ മലയാളി തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും സ്വര്‍ണാഭരണം വാങ്ങാനാണ് ചെലവഴിക്കുന്നത്.
സ്വര്‍ണാഭരണം വാങ്ങുകയും മാറി മാറി അണിയുകയും ഫാഷന്‍ മാറുന്നതിനനുസരിച്ച് പുതിയത് വാങ്ങുകയും അത് മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന മലയാളിയുടെ 'വീക്ക്‌നസ്' പെരുമ കേട്ടതാണ്. മലയാളിയുടെ ബലഹീനത ഒരു പക്ഷേ ഇവരേക്കാള്‍ അറിയാവുന്നത് കള്ളന്മാര്‍ക്കാണെന്നതും എല്ലാവര്‍ക്കും അറിയാവുന്ന സത്യം. ഇതുമൂലം പല മലയാളികളുടെയും സ്വത്തും ജീവനും നഷ്ടമാക്കിയിട്ടുണ്ടെന്നും അത്തരം സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്നതുമാണ് യാഥാര്‍ഥ്യം. എന്നിരുന്നാലും സ്വര്‍ണാഭരണം അണിഞ്ഞുള്ള ഫാഷന്‍ പരേഡ് കുറയ്ക്കാന്‍ മലയാളി മങ്കകള്‍ തയാറാകുകയുമില്ല. യാത്രയിലാണെങ്കിലും ഉത്സവ സ്ഥലങ്ങളിലാണെങ്കിലും പൊതുപരിപാടികള്‍ക്കാണെങ്കിലും പത്ത് പേര്‍ കാണാനുണ്ടെങ്കില്‍ വീട്ടിലുള്ളതും അതുമല്ലെങ്കില്‍ കടം വാങ്ങിയിട്ടാണെങ്കിലും അണിഞ്ഞ് പ്രദര്‍ശിപ്പിക്കണമെന്നു മലയാളി വനിതകള്‍ക്ക് നിര്‍ബന്ധമാണ്.
സമൂഹം ആഢ്യത്വം കല്‍പ്പിക്കുന്നത് ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളുടെ തൂക്കവും കനവും എണ്ണവും നോക്കിയാണെന്നുള്ള തോന്നലുകളില്‍ ജീവന്‍ പോയാലും കനത്ത സ്വര്‍ണമണിയാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നു. ഇതറിയാവുന്ന കള്ളന്മാരും കവര്‍ച്ചക്കാരും തിരക്കേറിയ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മലയാളി വനിതകളെയാണ് കൂടുതല്‍ ഉന്നം വയ്ക്കുന്നതെന്നു അടുത്തിടെയായി പുറത്തുവരുന്ന കവര്‍ച്ചാ വാര്‍ത്തകള്‍ തെളിയിക്കുന്നു. തിരക്കിനിടയില്‍ തങ്ങള്‍ക്കു അവസരം ലഭിച്ചില്ലെങ്കിലും ശ്രദ്ധേയമായി ആഭരണങ്ങള്‍ ധരിക്കുന്നവരുടെ വസതി നോക്കിവച്ചു മോഷണം നടത്തുന്ന സംഭവങ്ങളും അടുത്തിടെ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. ഇതിനെല്ലാമുള്ള പ്രേരിത ഘടകം മലയാളികളുടെ സ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമം തന്നെ.

ആചാരമൊഴിവാക്കാനാകുമോ..? നാണക്കേടല്ലേ...

വിവാഹ ആഘോഷങ്ങള്‍ക്കായാണ് മലയാളികള്‍ സ്വര്‍ണം വാരിക്കൂട്ടുന്നത്. വിലക്കയറ്റം രൂക്ഷമായിരിക്കുന്ന ഈ സമയത്താണെങ്കിലും മലയാളിയുടെ കുടുംബത്ത് നടക്കുന്ന സാധാരണ വിവാഹത്തിനു പതിനഞ്ച് പവനെങ്കിലും കുറയാതെ ആഭരണം വാങ്ങണമെന്നതു കേരളത്തില്‍ ഒരു ആചാരമായി മാറിക്കഴിഞ്ഞു. പെരുമയും ആഢ്യത്വവും കൂട്ടാനുള്ള മത്സരം കൂടിയാണെങ്കില്‍ പവന്‍ പിന്നെയും കൂടും. വധുവിന്റെ കൈയിലും കഴുത്തിലുമായി വാരിവിതറുന്ന സ്വര്‍ണച്ചമയം അതിനുശേഷം നടക്കുന്ന എല്ലാ ആഘോഷങ്ങളിലും പ്രദര്‍ശിപ്പിക്കാനുള്ള വസ്തുക്കളായി മാറുന്നു. ഒരു മലയാളി വനിതയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍, 'മരണവീട്ടിലാണെങ്കിലും നാലഞ്ച് മാലയും കൈകള്‍ നിറയെ വളകളുമില്ലാതെ എങ്ങനെ പോകും?'
പ്രവാസി മലയാളികളും ഡല്‍ഹിയിലാണെങ്കിലും നാട്ടിലാണെങ്കിലും ഈ ആചാരം തെറ്റിക്കാറില്ല. വിവാഹം കഴിഞ്ഞ് നാട്ടില്‍ നിന്നു ഡല്‍ഹിയിലെത്തുന്ന വധുവിന്റെ ശരീരത്ത് ഇതേ ആഭരണ ചമയം കാണുകയും ചെയ്യും. ഈ ആഭരണ ഭൂഷിതരെ ട്രെയിനില്‍ യാത്ര ചെയ്യുമ്പോളോ ഡല്‍ഹിയിലെ ഫഌറ്റിലോ വാടക മുറികളിലോ എത്തുന്നതിനോടകമോ 'സ്‌കെച്ച്' ചെയ്യാന്‍ തുടങ്ങും. ലക്ഷക്കണക്കിനു രൂപയുടെ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ അണിയുന്ന മലയാളിയുടെ ഈ ബലഹീനത മലയാളമറിയാത്തവര്‍ക്കു പോലും മനഃപാഠമാണ്. ഇത്തരത്തില്‍ സ്‌കെച്ച് ചെയ്യപ്പെടുന്നയാളിന്റെ സഞ്ചാരപഥം, യാത്രാ സമയം, വസ്ത്രരീതി എല്ലാം നിരീക്ഷിച്ച് മോഷണത്തിനായി ഒരു ദിവസം കുറിക്കും. വഴി അന്വേഷിക്കുന്ന ബൈക്ക് യാത്രികനായോ, ബസിലെ സഹയാത്രികനായോ, തിരക്കിലെ സഹായിയായോ നമ്മുടെ അരികിലെത്തിയാണു മോഷണം നടപ്പാക്കുന്നത്.
വിജനമായ സ്ഥലത്തു മാത്രമല്ല, തിരക്കിനിടയിലും അപഹരണം ഇവര്‍ക്ക് ഈസിയാണ്. പദ്ധതി പാളുമെന്ന ഘട്ടമെത്തിയാല്‍ ദേഹോപദ്രവം ഏല്‍പ്പിച്ചാവും കഴുത്തിലെ മാലപൊട്ടിച്ചെടുക്കുക. ബൈക്കില്‍ പിന്നില്‍ നിന്നെത്തി അടിച്ചു താഴെയിടുക, കുത്തി മുറിവേല്‍പ്പിക്കുക, ദേഹത്തു ചെളിതെറിപ്പിക്കുക തുടങ്ങിയ ക്രൂരവിനോദങ്ങളിലൂടെയും മോഷണം നടത്തും. നമ്മെ ഉപദ്രവിക്കണമെന്ന ആഗ്രഹമുണ്ടായിട്ടല്ല, ശ്രദ്ധയകറ്റി മോഷണം
ഫലപ്രദമായി നടപ്പാക്കുകയെന്ന ഒറ്റ ദൗത്യമേ അവര്‍ക്കു മുന്‍പിലുള്ളൂ.
മഞ്ഞ നിറമുള്ള എല്ലാ ആഭരണങ്ങളും മോഷ്ടാക്കള്‍ക്കു സ്വര്‍ണമാണ്. സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ ധരിച്ചാലും മോഷണത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. നഷ്ടം തുച്ഛമായ തുകയാകാം, എന്നാല്‍ സ്വര്‍ണമാണെന്നു ധരിച്ചുള്ള അപഹരണത്തിനിടെ ജീവന്‍പോലും നഷ്ടപ്പെടാം. ഇതൊന്നുമല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുകയോ പദ്ധതി തയാറാക്കി കൊലപ്പെടുത്തുകയോ വരെയുള്ള അതിക്രൂരകൃത്യത്തിനു വരെ ഇരയാക്കുന്നു. എന്നിരുന്നാലും 'നാലഞ്ചു മാലകളെങ്കിലുമില്ലെങ്കില്‍ എങ്ങനാ' എന്നതു തന്നെ മലയാളിയുടെ പല്ലവി.


പോലീസിന്റെ 'ടോം ആന്‍ഡ് ജെറി' കളി

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അക്രമണങ്ങള്‍ നടക്കുന്നതില്‍ ഏറ്റവും കൂടുതലുള്ള സ്ഥലമെന്ന പേരിലാണ് അടുത്തിടെ ഡല്‍ഹിയെ കുറിച്ചു പറയുന്നത്. ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷമാണ് ഈ ഔദ്യോഗിക പട്ടം ലഭിച്ചത്. എന്നാല്‍, സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതിനായി സ്ത്രീകളെ അക്രമിക്കുന്ന സംഭവങ്ങളാണ് ഡല്‍ഹിയിലും പരിസര പ്രദേശത്തും ലൈംഗീക അക്രമങ്ങളേക്കാളും മറ്റ് കുറ്റങ്ങളേക്കാളും കൂടുതലായിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. അതിനിരകളാകുന്നതു കൂടുതലും മലയാളികള്‍ തന്നെ.
എന്നാല്‍, ഡല്‍ഹി പോലീസിന്റെ കണക്കുകള്‍ നോക്കിയാല്‍ ഈ കുറ്റങ്ങള്‍ കുറവാണ് താനും. കാരണമെന്തെന്നു മാല മോഷ്ടിച്ചു, പിടിച്ചു പറിച്ചു എന്നു പരാതിയുമായെത്തുന്ന മലയാളികള്‍ പറയും. ഇത്തരത്തില്‍ പരാതിയുമായി എത്തുന്നവരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ പറഞ്ഞു വിടുകയാണ് പോലീസിന്റെ പ്രഥമിക നടപടി. പരാതികള്‍ സ്വീകരിക്കാതിരുന്നാല്‍ കേസില്ലാ രാജ്യമെന്ന ബഹുമതി ലഭിക്കുമെന്നാണ് ഈ സാറന്മാര്‍ക്ക് കിട്ടിയിരിക്കുന്ന ഉപദേശം പോലും. ആവശ്യക്കാര്‍ക്ക് സ്വാധീനമോ പിടിപാടോ ഉണ്ടെങ്കില്‍ മാത്രമേ ഈ പരാതികള്‍ കേസാവുകയുള്ളു. എഫ്‌ഐആര്‍ രജിസ്റ്ററായാല്‍ തന്നെ അന്വേഷണം നടക്കണമെങ്കിലും യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കിലും ഈ സ്വാധീനം മുകള്‍ തട്ടില്‍ നിന്നു മുതല്‍ പ്രയോഗിക്കേണ്ടി വരും. പരാതിക്കാര്‍ മലയാളികളാണെങ്കില്‍ പോലീസിന്റെ പണി കാര്‍ട്ടൂണ്‍ സിനിമകളിലെ ടോം എന്ന എലിയുടെ പിറകേ ഓടുന്ന ജെറിയുടെ പണി തന്നെ. കുറ്റവാളി എപ്പോഴും സുരക്ഷിതരായി അടുത്ത ഇരയ്ക്കു വേണ്ടി വലവിരിച്ചു കൊണ്ടേ ഇരിക്കും.
പോലീസില്‍ മലയാളികളുണ്ടെങ്കിലും ഫലം തഥൈവ. പോലീസ് കോളനിയില്‍ താമസിക്കുന്ന രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പത്‌നിമാര്‍ക്കുണ്ടായ അനുഭവമാണ് ഇതിനു തെളിവ്. സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ചെന്ന കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. മലയാളികളെ ചുറ്റിക്കറങ്ങുന്ന മോഷ്ടാക്കളുടെ സംഘത്തിന്റെ പിടിപാട് വേണ്ടവിധത്തിലുണ്ടായിരുന്നതായിരുന്നു ഈ അന്വേഷണങ്ങളെ ബാധിച്ചത്. പോലീസിനിങ്ങനെയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ...!
No comments: