Monday, 20 May 2013

മാറില്ലെന്ന വാശിയില്‍ റെയില്‍വേ; ദുരിതമൊഴിയാതെ പ്രവാസികള്‍

'എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ല.' ഇതാണ് ഇന്ത്യന്‍ റെയില്‍വേയുടെ രീതി. വണ്ടി വേണം, നല്ല കോച്ച് വേണം, യാത്രക്കാര്‍ക്കു സുരക്ഷ വേണം എന്നിങ്ങനെ ഒന്നൊഴിയാതെ ആവശ്യങ്ങളുടെ ഭാണ്ഡങ്ങള്‍ കാലങ്ങളായി നിരത്തുന്ന കേരളീയരോട് ഇന്ത്യന്‍ റെയില്‍വേ കാട്ടുന്നത് ചിറ്റമ്മ നയമാണെന്നാണ് ആക്ഷേപമെങ്കില്‍ ഡല്‍ഹിയിലെ പ്രവാസി മലയാളികളോട് റെയില്‍വേ ചെയ്യുന്നത് കെട്ടിലമ്മ നയമാണെന്നു പറയാതിരിക്കാനാവില്ല. 'ഞങ്ങളിങ്ങനെയൊക്കെയാണ്, വേണമെങ്കില്‍ സഹിച്ചോണ'മെന്ന ധാര്‍ഷ്ട്യം.
സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തിലും ജീവിക്കാനുള്ള വഴിയും തേടി ഡല്‍ഹിയിലും പരിസര നഗരങ്ങളിലുമായി കുടിയേറിയ മലയാളികള്‍ നാലു മുതല്‍ അഞ്ചു ലക്ഷം വരെ ആളുകളുണ്ടെന്നാണ് ഔദ്യോഗികവും അല്ലാതെയുമായുള്ള കണക്കുകള്‍. ഇവരില്‍ വിമാന മാര്‍ഗ്ഗം ഉപയോഗിക്കുന്നവരുണ്ടെങ്കിലും 90 ശതമാനം പേരും ആശ്രയിക്കുന്നതു ട്രെയിന്‍ മാര്‍ഗ്ഗം തന്നെ. മൂന്നു ദിവസം നീളുന്ന ഈ കനാന്‍ യാത്രയ്ക്കു ഒരു പ്രാവശ്യമെങ്കിലും കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറുന്നവന്‍ 'ഈ നരകത്തീന്നെന്നെ കരകേറ്റീടണേ...' എന്നല്ലാതെ മറ്റൊന്നും പ്രാര്‍ഥിക്കുകയുമില്ല. എന്നിരുന്നാലും ഈ നരകയാത്ര അല്ലാതെ മറ്റൊരു വഴിയുമില്ല താനും.

ആഡംബരം വേണ്ട സര്‍ക്കാരേ... ജീവനെങ്കിലും തിരികെ കിട്ടിയാല്‍ മതി

മൂന്നു ദിവസം നീണ്ട യാത്ര ചെയ്യുന്ന മലയാളി റിസര്‍വേഷനോടെയുള്ള ടിക്കറ്റ്, മൂന്നു നേരവും രുചികരമായ ഭക്ഷണം, വൃത്തിയോടെ കഴിയാനുള്ള സൗകര്യം, സുരക്ഷിതമായി ചെന്നെത്താനുള്ള സാഹചര്യം എന്നിവയല്ലാതെ മറ്റൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ട്രെയില്‍ കയറുന്ന മലയാളി ചെന്നിറങ്ങുമ്പോള്‍ ജീവനെങ്കിലും ഉണ്ടാകണേയെന്നാണ് പ്രാര്‍ഥിക്കുന്നത്. നാട്ടിലേക്ക് പോകാനായി ഒരുങ്ങുന്ന ഒരു മലയാളി കുടുംബത്തിനു റിസര്‍വേഷനോടെ ടിക്കറ്റ് കിട്ടുന്നത്, മൂന്നു ദിവസത്തെ യാത്രയ്ക്കിടയില്‍ ആവശ്യത്തിനു ഭക്ഷണം കിട്ടുന്നത്, പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെടാതെ സുരക്ഷിതത്വം ലഭിക്കുന്നതിന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കുന്നതിനു, വൃത്തിയുള്ള സ്ഥലങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനു... ഇങ്ങനെ ട്രെയിന്‍ യാത്രയില്‍ നേരിടേണ്ടുന്ന കടമ്പകള്‍ ഒത്തിരി. എന്നാല്‍, വാങ്ങുന്ന പണത്തിനു ഇക്കാര്യങ്ങളില്‍ ഒന്നിനു പോലും ഉറപ്പു നല്‍കാന്‍ രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു എന്ന അവകാശവാദം ഉന്നയിക്കുന്ന റെയില്‍വേയ്‌ക്കോ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കോ കഴിയുന്നുമില്ല.
കേരളത്തിലേക്കോ തിരിച്ചോ ഒരു സൈഡിലേക്ക് ഒരു ദിവസം പതിനായിരത്തോളം മലയാളികള്‍ ദിനംപ്രതി യാത്ര ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇതിനായി ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് ഒരു ദിവസം പുറപ്പെടുന്നതോ രണ്ടോ മൂന്നോ ട്രെയിനുകള്‍ മാത്രം. പ്രതിദിന സര്‍വീസുള്ളതോ തിരുവനന്തപുരം വരെ കാലങ്ങളായുള്ള കേരളാ എക്‌സ്പ്രസും എറണാകുളം വരെ മാത്രമുള്ള മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസും. ഇതിനിടെ, ആഴ്ചയില്‍ നാലു തവണയുള്ള രാജധാനി എക്‌സ്പ്രസും ആഴ്ചയില്‍ ഓരോ തവണ മാത്രമുള്ള ചില എക്‌സ്പ്രസ് ട്രെയിനുകളുമുണ്ടെങ്കിലും ഡല്‍ഹിയിലെ മലയാളി പ്രവാസിക്കു അനുയോജ്യമായതു ഏതെന്നു കണ്ടുപിടിക്കാന്‍ പ്രയാസമേറെ. ഡല്‍ഹിയില്‍ നിന്നു സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വീസ് തുടങ്ങണമെന്നും രാജധാനി എക്‌സ്പ്രസ് പ്രതിദിനമാക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനങ്ങള്‍ റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി സര്‍ക്കാരും എംപിമാരും നല്‍കുന്നതും സംഘടനകള്‍ വഴിയായും വ്യക്തിപരമായും ലഭിക്കുന്നതുമായി അനേകം റെയില്‍വേക്കു കിട്ടുന്നുണ്ടെങ്കിലും പരിഹാരം മാത്രം 'കുച്ച് നഹി.'
റിസര്‍വേഷനോടു കൂടിയ ഒരു ടിക്കറ്റ് തരമാക്കാനാണ് മലയാളികള്‍ പടിച്ച പണി പതിനെട്ടും പയറ്റുന്നത്. ബുക്കിംഗ് കാലാവധി 120 ദിവസം വരെ നീട്ടിയിട്ടുണ്ടെങ്കിലും കേരളത്തിലേക്കുള്ള ട്രെയിനുകളിലെ സീറ്റ് ലഭ്യത 90 ദിവസം ശേഷിക്കുന്ന അവസരങ്ങളില്‍ പോലും വെയിറ്റിംഗ് ലിസ്റ്റിന്റെ പരിധിയിലാവും എത്തുക. അത്യാവശ്യത്തിനു തലേദിവസമേ ടിക്കറ്റ് കൊണ്ടറില്‍ കിടന്നു തത്കാലിനു കൈനീട്ടുന്നവരോട് കൗണ്ടറിലിറിക്കുന്നവന്‍ പറയുന്നതും 'കുച്ച് നഹി' എന്നുമാത്രം. എന്നാല്‍, മലയാളികളെ ലക്ഷ്യമാക്കി കളത്തിലിറങ്ങിയിരിക്കുന്ന കരിഞ്ചന്തക്കാരുടെ കൈയില്‍ റിസര്‍വേഷനോടു കൂടിയ ടിക്കറ്റ് സുലഭമാണ് താനും. ആവശ്യക്കാര് കൂടുന്നതിനനുസരിച്ചു ആറിരട്ടി തുകയ്ക്കു വരെ ഈടാക്കുമെന്നു മാത്രം. ടിക്കറ്റ് കൗണ്ടറുകളുടെ മുന്‍വശം മുതല്‍ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ വരെ നടക്കുന്ന ഈ കച്ചവടം മൂക്കിനു താഴേക്ക് നോക്കാന്‍ മടിയുള്ള അധികൃതര്‍ കാണത്തുമില്ല. ടിക്കറ്റ് കിട്ടി ട്രെയിനുകളില്‍ കയറിയാലോ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ഭൂരിഭാഗം സീറ്റുകളും ആന്ധ്രാക്കാരും തമിഴരും കൈയടക്കിയിരിക്കുന്നതും കാണാം.
വേനല്‍ അവധിക്കും ഓണത്തിനും ക്രിസ്മസിനുമാണ് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു പോകുക. ഈ സമയത്ത് ഒരു ടിക്കറ്റ് കിട്ടാന്‍ അലയുന്നവര്‍ ഡല്‍ഹിയില്‍ പതിനായിരക്കണക്കിനാണ്. നാലും അഞ്ചും ദിവസം ടിക്കറ്റ് കൗണ്ടറിനു പുറത്ത് തലേന്നു രാത്രിയില്‍ സ്ഥലം പിടിച്ചിട്ടും ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്നു യാത്ര റദ്ദാക്കുന്നവരും അനവധി. ഇതിനിടെ മൂവായിരം മുതല്‍ അയ്യായിരം രൂപയ്ക്കു വരെ കരിഞ്ചന്തയില്‍ റിസര്‍വേഷന്‍ ടിക്കറ്റ് സുലഭമാണ് താനും. ഡല്‍ഹി മലയാളികളുടെ അവസ്ഥ പല നിവേദക സംഘത്തിലൂടെ അറിഞ്ഞിട്ടുള്ള റെയില്‍വേയും സര്‍ക്കാരും അവധിക്കാലങ്ങളിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യം അടുത്ത കുറച്ചു കാലമായി പരിഗണിക്കാറേയില്ല.

'ചോറില്ല. അപ്പം വേണമെങ്കില്‍ തിന്നാല്‍ മതി'


ജനങ്ങള്‍ക്കു സുഭിക്ഷത ഉറപ്പാക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ തനത് കലാപരികള്‍ നടക്കുന്നത് ട്രെയിനിനുള്ളിലാണ്. 'ഗ്രാഹക് ദേവോ ഭവ' എന്ന ആപ്തവാക്യം മനസിലും ബോര്‍ഡിലും ആവര്‍ത്തിച്ചു പ്രവര്‍ത്തിക്കുന്ന റെയില്‍വേയും ജീവനക്കാരും ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന മലയാളികളോട് ആപ്തവാക്യം ചെറിയ തോതില്‍ പരിഷ്‌കരിച്ചാണു പറയുക- 'അപ്‌നെ അപ്‌നെ സേവോ ഭവ'. യാത്രക്കാരന്റെ ഇഷ്ടം അനുസരിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും അത് സമയാ സമയത്തു കൊണ്ടുവന്നില്ലെങ്കില്‍ പരാതി അറിയിക്കാനും പെട്ടികളും പുസ്തകങ്ങളും ഇപ്പോള്‍ ഹെല്പ് ലൈനും ഉണ്ടെന്നാണ് റെയില്‍വേ വെപ്പ്. എന്നാല്‍, പരാതി പറഞ്ഞാലും എഴുതി നല്‍കിയാലും നോ ആക്ഷന്‍. യാത്രക്കാരന്റെ ഭക്ഷണ കാര്യങ്ങള്‍ വേണ്ടുന്ന പോലെ നോക്കുന്ന കാര്യത്തില്‍ കേരളാ എക്‌സ്പ്രസിലെ സര്‍വീസുകളാണ് മുന്‍പന്തിയില്‍. പാന്‍ട്രിക്കാര്‍ ഉണ്ടെങ്കിലും പാചകം ചെയ്യുന്നത് കാപ്പിയും ചായയും മാത്രം. ഐആര്‍സിടിസി എന്ന കേറ്ററിംഗ് ഭീമന്‍ ചോറും കറികളും ബിരിയാണിയുമൊക്കെ ഉണ്ടാക്കിക്കുന്നത് വഴിയില്‍ ആരുടെയുമെങ്കിലും അടുക്കളയില്‍. അതും ഓര്‍ഡര്‍ എടുക്കുന്നതിനനുസരിച്ചു മാത്രം.
ഓര്‍ഡറെടുക്കാന്‍ എത്തുന്ന പാന്‍ട്രി ജീവനക്കാരന്റെ ട്രിക്കുകളാണ് ഇക്കാര്യത്തില്‍ ഐആര്‍സിടിസിക്കു ലാഭമുണ്ടാക്കി കൊടുക്കുന്നത്. രാവിലെ ഉപ്പുമാവ്/ ഇഡ്ഡലി ഇവയിലേതെങ്കിലും അല്ലെങ്കില്‍ ബ്രഡ് വിത്ത് ഓംലെറ്റും മാത്രം. ഉച്ചയ്ക്കു ചോറ് അല്ലെങ്കില്‍ ബിരിയാണി (ചിലപ്പോള്‍ ബിരിയാണി മാത്രം), രാത്രിയിലും ഇതേ പടി. ഈ മെനുവില്‍ ചിലത് അപ്രത്യക്ഷമാകുന്നതു പാന്‍ട്രിക്കാരന്റെ മിടുക്കു പോലിരിക്കും. മുട്ടയ്ക്കു വില കൂടിയതിനാല്‍ രാവിലെ കോമണായി കിട്ടുന്ന ഓംലെറ്റിനു എക്‌സ്പ്രസ് ട്രെയിനുകളിലെ വില 40 രൂപ ആക്കിയത് അടുത്തിടയ്ക്കാണ്. ട്രെയിന്‍ എവിടെയെങ്കിലും പിടിച്ചിടുകയോ വഴിമാറ്റി വിടുകയോ സമയം തെറ്റി ഓടുകയോ ചെയ്താല്‍ യാത്രക്കാരുടെ മുന്നില്‍ ഓര്‍ഡറെടുത്തവന്‍ വന്ന് കൈമലര്‍ത്തി കാണിച്ച് വയറു നിറപ്പിക്കും. ഭക്ഷണ കാര്യങ്ങള്‍ ഐആര്‍സിടിസി ഏറ്റെടുത്തതോടെ മിക്ക ട്രെയിനുകളിലും ഇതു തന്നെ സ്ഥിതി. കാപ്പിയും ചായയുമാണെങ്കില്‍ ഏഴു രൂപയായി കൂട്ടിയപ്പോഴും അരക്കപ്പ് അളവില്‍ എപ്പോഴെങ്കിലും കിട്ടിയാല്‍ ഭാഗ്യം.

ജാമ്പവാന്റെ വണ്ടികള്‍; ചെന്നെത്തിയാല്‍ ഭാഗ്യം

ചക്രശ്വാസം വലിച്ചു സൂപ്പര്‍ ഫാസ്റ്റായി ഓടുന്ന ഒരു കേരളാ എക്‌സ്പ്രസുണ്ട്, ഡല്‍ഹി മലയാളികള്‍ക്കു അഭിമാനിക്കാന്‍. പഴകി ദ്രവിച്ച ബോഗികളുമായി കേരളത്തിലേക്കും തിരിച്ചും ഈ വണ്ടികള്‍ ഓടാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. തുരുമ്പെടുത്തടര്‍ന്ന ജനാലകള്‍, വാതിലുകള്‍, നിലംപതിക്കാനൊരുങ്ങി നില്‍ക്കുന്ന സീലിങ്ങുകള്‍, പൊട്ടിപ്പൊളിഞ്ഞ ബര്‍ത്തുകള്‍, അനങ്ങാത്ത ഫാനുകള്‍, കീറിപ്പൊളിഞ്ഞ സീറ്റുകള്‍, കത്താത്ത വിളക്കുകള്‍, പൊട്ടിപ്പൊളിഞ്ഞ ടോയ്‌ലെറ്റുകള്‍ ഇങ്ങനെ പരാതികള്‍ ഏറെയുണ്ടെങ്കിലും കേള്‍ക്കാറുമില്ല. കേട്ടാല്‍ തന്നെ പരിഗണിക്കാറുമില്ല. ഉത്തരേന്ത്യയില്‍ കറങ്ങി നടക്കുന്ന മിക്ക ട്രെയിനുകളിലും കമ്പാര്‍ട്ടുമെന്റിലെ എല്ലാ കൂപ്പേകളിലും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പ്ലഗ്ലുകളുണ്ട്. കേരളയിലും കേരളത്തിലേക്ക് പോകുന്ന മിക്ക എക്‌സ്പ്രസ് ട്രെയിനുകളിലും ചാര്‍ജ്ജ് ചെയ്യാന്‍ അടുപ്പിച്ച അഞ്ചു കമ്പാര്‍ട്ട്‌മെന്റില്‍ ഒരു പ്ലഗ്ഗ് മാത്രേ കാണൂ. ഇതെല്ലാം ഇങ്ങനെയാണെങ്കില്‍ ശുചിത്വത്തിന്റെ കാര്യം പിന്നെ പറയണോ? ആലപ്പുഴയില്‍ ഒരു ട്രെയിനിന്റെ ബോഗി ഇളകി തെറിച്ച സംഭവമുണ്ടായിട്ടു ഏതാനും മാസങ്ങളേ ആയിട്ടുള്ളു. കേരളത്തിലെ ട്രെയിനുകള്‍ അറ്റകുറ്റപ്പണിക്കായി പോകുന്നതു ചെന്നൈയിലേക്കാണെന്നും അവിടെയെത്തുന്ന ബോഗികളില്‍ പത്ത് ശതമാനം മാത്രമേ തിരികെ എത്താറുള്ളു എന്ന കാര്യം പുറത്തുവന്നതായിരുന്നു ആ സംഭവത്തിന്റെ അനന്തര ഫലം. 

എലി, പാറ്റ, കള്ളന്‍... കൂട്ടിനു ആളുകള്‍ വേറെയുണ്ടേ...

കേരളത്തിലേക്ക് പോകുന്നവര്‍ക്കു കിട്ടുന്ന സൗജന്യ സമ്മാനമാണ് പാറ്റ. സൂപ്പര്‍ ലോട്ടോ അടിക്കുന്നവര്‍ക്കു ട്രെയിനില്‍ നിന്നു വീട്ടിലെത്തുമ്പോള്‍ എലിയേയും കിട്ടും. അല്ലാത്തവര്‍ക്കു ബാഗുകളും പായ്ക്കറ്റുകളും എലിക്കും പാറ്റയ്ക്കും മൂന്നു ദിവസം താമസിക്കാന്‍ കൊടുത്തതിലും അതിനുള്ള നന്ദിയായി കടി കിട്ടിയതിലും ആശ്വസിക്കാം. കോണ്ടുപോകുന്ന പണവും ആഭരണങ്ങളും ബാഗും വിലപിടിപ്പുള്ളതെല്ലാം കൊണ്ടുപോകാനെത്തുന്നവരോട് കയര്‍ക്കാനും മോഷ്ടിക്കപ്പെട്ടതോര്‍ത്തു കരഞ്ഞുകൊണ്ടിരിക്കാനും യാത്രക്കാര്‍ക്കു അവസരങ്ങള്‍ യാത്രാ മധ്യേ ഇഷ്ടം പോലെയുണ്ട്. രാജധാനി എക്‌സ്പ്രസില്‍ ഒരു കമ്പാര്‍ട്ട്‌മെന്റിലെ ബാഗേജുകളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കപ്പെട്ടതും അതിനു പിന്നില്‍ ട്രെയിന്‍ ജീവനക്കാരായിരുന്നു എന്നുള്ളതും അത് റെയില്‍വേ തന്നെ മുന്നിട്ടിറങ്ങി ഒതുക്കി തീര്‍ത്തതും ഇവിടെ പറയാതെ വയ്യ. അതിനു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 26 ന് രാത്രി നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ തുരന്തോ എക്‌സ്പ്രസ്സിന് കാത്തുനിന്ന യാത്രക്കാര്‍ കൂട്ടക്കവര്‍ച്ചയ്ക്ക് ഇരയായത്. പ്ലാറ്റ്‌ഫോമില്‍ വൈദ്യുതി വിളക്കുകള്‍ അണഞ്ഞതിന്റെ മറവില്‍ 41 ബാഗുകള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. അതിലും റെയില്‍വേ വിദഗ്ധമായ രീതിയില്‍ കൈകഴുകി.

അമര്‍ഷം അണപൊട്ടിയപ്പോള്‍

നിസാമുദ്ദീന്‍ കവര്‍ച്ചാ സംഭവത്തിലും റെയില്‍വേ മലയാളി പ്രവാസികളെ വേട്ടയാടിയപ്പോഴാണ് ഡല്‍ഹിയിലെ മലയാളി സംഘടനകള്‍ ഒന്നിച്ചു രംഗത്തെത്തിയത്. 24 ഓളം മലയാളി സംഘടനകള്‍ സംയുക്തമായി പാര്‍ലമെന്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക, ട്രെയിനുകളില്‍ ശുചിത്വം ഉറപ്പാക്കുക, പുതിയ ട്രെയിനുകള്‍ സര്‍വീസിനിറക്കുക, ഇപ്പോഴുള്ള ട്രെയിനുകളുടെ ദൈര്‍ഘ്യം കൂട്ടുക, യാത്രക്കാര്‍ക്ക് ട്രെയിനുകളിലും സ്‌റ്റേഷനുകളിലും സൗകര്യം വര്‍ധിപ്പിക്കുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക
ടിക്കറ്റ് കരിഞ്ചന്ത അവസാനിപ്പിക്കുക, തത്കാല്‍ ടിക്കറ്റ് വിതരണം കാര്യക്ഷമമാക്കുക, കേരളത്തിലേക്കുള്ള ട്രെയിനുകള്‍ക്ക് ഫരീദാബാദില്‍ സ്‌റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തി പാര്‍ലമെന്റിലേക്കു നടത്തിയ മാര്‍ച്ചില്‍ ആയിരക്കണക്കിനു മലയാളികളാണ് പങ്കെടുത്തത്. ആവശ്യങ്ങള്‍ നിരത്തി നീളത്തിലുള്ള നിവേദനം റെയില്‍വേയ്ക്കും മന്ത്രിക്കും നല്‍കിയിട്ടും ഈ സംഭവം എംപിമാര്‍ പാര്‍ലമെന്റില്‍ പല തവണ അവതരിപ്പിച്ചിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നു റെയില്‍വേ അവഗണനയ്‌ക്കെതിരേ സമരം നടത്തുന്നതിനായി മലയാളി സംഘടനകള്‍ ഒരു ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെയും ജനപ്രതിനിധികളുടെയും സംഭാവന

റെയില്‍വേ ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ വെണ്ടക്ക അക്ഷരത്തില്‍ അച്ചടിച്ച നിവേദനവുമായി മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ നേതൃത്വത്തില്‍ ഡല്‍ഹിക്കൊരു വരവുണ്ട്. റെയില്‍വേ മന്ത്രിയെ കണ്ട് കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ഒന്നിച്ചങ്ങു സമര്‍പ്പിക്കും. അതിനിടെ, ബജറ്റ് പ്രസംഗത്തിന്റെ വരെ അച്ചടി കഴിഞ്ഞിട്ടുമുണ്ടാകും. ഇതേ നടപടികള്‍ തന്നെയാണ് ഇത്തവണയും നടക്കുന്നത്. റെയില്‍വേ ബജറ്റില്‍ എന്തെല്ലാം ആവശ്യപ്പെടണമെന്നതു സംബന്ധിച്ചു രണ്ടാഴ്ച മുമ്പാണ് സംസ്ഥാനത്തെ എംപിമാര്‍ യോഗം ചേര്‍ന്നത്. ചായ കുടിച്ചു പിരിഞ്ഞു എന്നല്ലാതെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇത്തവണ എങ്ങനെ നീങ്ങണമെന്നതു സംബന്ധിച്ചു ഒരു തീരുമാനമോ ധാരണയോ ഉണ്ടായില്ല എന്നാണ് അറിയുന്നത്.
ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് ഒരു പ്രതിദിന ട്രെയിന്‍ സര്‍വീസ് കൂടി ആരംഭിക്കണമെന്നു കഴിഞ്ഞ പത്ത് വര്‍ഷമായുള്ള സര്‍ക്കാരിന്റെ നിവേദനത്തിലുള്ളതാണ്. എന്നാല്‍, തന്നേ തീരൂ എന്ന് ഡല്‍ഹി മലയാളികള്‍ റെയില്‍വേക്കു നല്‍കുന്ന ഉയര്‍ന്ന വരുമാന കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇതുവരെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുമില്ല. കേരളത്തില്‍ നിന്നു ഡല്‍ഹിയിലേക്കു ഒരു ദിവസം വന്ന യാത്രക്കാരുടെ ഒപ്പുകള്‍ സമാഹരിച്ചു പാര്‍ലമെന്റില്‍ സമരം നടത്തി മംഗളാ- ലക്ഷദ്വീപ് എക്‌സ്പ്രസ് വാങ്ങിയെടുത്ത സംഭവം മുന്‍ എംപി പി.സി. തോമസ് ഇപ്പോഴും പറയാറുണ്ട്. അത്തരത്തിലൊരു നീക്കം മലയാളികള്‍ക്കു വേണ്ടി നടത്താന്‍ കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രതിനിധിയും തയാറാകുന്നില്ല എന്നതാണ് നിലവിലുള്ള സത്യം. കേരളത്തില്‍ വോട്ടില്ലാത്ത മലയാളികളാണ് ഡല്‍ഹിയില്‍ താമസിക്കുന്നത് എന്നതാണ് ഇതിനു പിന്നിലെ രഹസ്യം.
വേനലവധി കാലത്തും ഉത്സവ സീസണിലും തിരക്കു കണക്കിലെടുത്തു സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്നു ആവശ്യപ്പെടുന്നതും അത് നേടിയെടുക്കുന്നതും എംപിമാരാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത് നേടിയെടുക്കാന്‍ നമ്മുടെ എംപിമാര്‍ ശ്രമിക്കാറില്ല. കഴിഞ്ഞ ഡിസംബറില്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുമെന്നു കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂരിനു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ട്രെയിന്‍ ഓടിയില്ല. മന്ത്രിക്കു കൊടുത്ത വാക്കു പാലിച്ചോ എന്നു ചോദിക്കാന്‍ പോലും ആരുമൊട്ട് തയാറായതുമില്ല. ജനപ്രതിനിധികളായി ഡല്‍ഹിയിലെത്തുന്ന എംപിമാര്‍ ആകാശത്തു കൂടി അങ്ങോട്ടുമിങ്ങോട്ടും ചറപറ പറക്കുന്നതല്ലാതെ സാധാരണക്കാരനായ യാത്രക്കാരന്റെ പ്രശ്‌നം അറിയാന്‍ എപ്പോഴെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ടോയെന്നാണ് റെയില്‍വേയുടെ 'ദാദാഗിരി' കണ്ടു സഹികെടുന്ന യാത്രക്കാരുടെ ചോദ്യം.

പഴി പിന്നെയും മലയാളിക്ക്

ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ വേണമെന്ന കേരളത്തിന്റെ ആവശ്യത്തിനു സംസ്ഥാനത്തിലൂടെയുള്ള ട്രാക്ക് ഉപയോഗത്തിന്റെ പരിധി പരമാവധിക്കപ്പുറം 140 ശതമാനം വരെ എത്തിയെന്നാണ് റെയില്‍വേയുടെ മറുപടി. അതുകൊണ്ട് പുതിയ ട്രെയിനുകള്‍ സാധ്യമല്ല. ഇതിനു പിന്നിലെ രഹസ്യം മറ്റൊന്നാണ്. കേരളത്തിലെ റെയില്‍വേയുടെ സാങ്കേതിക വിദ്യകള്‍ എപ്പോഴും പഴഞ്ചനായിരിക്കണം എന്നു വാശി പിടിക്കുന്ന തമിഴ് ലോബിയുടെ നീക്കങ്ങളാണ് ഇതിനു പിന്നില്‍. ഒരു വണ്ടി സ്‌റ്റേഷന്‍ വിട്ട് അടുത്ത സ്‌റ്റേഷനില്‍ എത്തിയാല്‍ മാത്രമേ പിറകില്‍ വരുന്ന വണ്ടിക്ക് സിഗ്‌നല്‍ കിട്ടൂ. അതായത് മുന്നിലെ വണ്ടി അടുത്ത സ്‌റ്റേഷനില്‍ എത്തുന്നതുവരെ രണ്ടാമത്തെ വണ്ടിക്ക് ഓടാനാവില്ല. ഈ സിഗ്‌നല്‍ സംവിധാനം അനുസരിച്ച് മണിക്കൂറില്‍ മൂന്നു വണ്ടികള്‍ മാത്രമേ ഒരു ലൈനില്‍ ഓടിക്കാനാവൂ. ദിവസം ഒരു ലൈനില്‍ 72 വണ്ടികള്‍ മാത്രം. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം നടപ്പാക്കിയാല്‍ മണിക്കൂറില്‍ പത്ത് ട്രെയിന്‍ വരെ ഓടിക്കാനാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓട്ടോമാറ്റിക് ബോള്‍ഡ് സിഗ്‌നല്‍ സമ്പ്രദായം (എ.ബി.എസ്.) നടപ്പിലാക്കിയാല്‍ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും. കേരളത്തിനു പുറത്തു മിക്ക സ്ഥലങ്ങളിലും ഇത് ഇതിനോടകം നടപ്പിലാക്കിയിട്ടുമുണ്ട്. പഴകി ദ്രവിച്ച ബോഗികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്യത്തിലും റെയില്‍വേയുടെ മറുപടി മലയാളികളായ ഉദ്യോഗസ്ഥര്‍ വേണ്ട കാര്യക്ഷമത കാട്ടാത്തതു കൊണ്ടാണെന്നും. എന്തായാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി എന്ന അവസ്ഥ തന്നെ മലയാളിക്കും പ്രവാസികള്‍ക്കും.No comments: