Monday 31 October 2011

മൊണ്ടേക്‌ അണ്ണന്റെ മൂക്കു പിഴിയലും, വാഗ്‌ദാനവും

പാവപ്പെട്ടവര്‍ക്കു ഏതു രീതിയില്‍ സൗജന്യമായി അരി വിതരണം ചെയ്യാമെന്നു സുപ്രീംകോടതി ചോദിച്ചപ്പോഴാണ്‌ രാജ്യത്തിന്റെ ആസൂത്രണം മുഴുവന്‍ തന്റെ ശിരസില്‍ കെട്ടിവെച്ചിരിക്കുന്ന മൊണ്ടേക്‌ അണ്ണന്‍ ഇന്ത്യയെ കുറിച്ച്‌ ഓര്‍ത്തത്‌. കാര്യങ്ങളെല്ലാം തന്റെ ഏതോ ചായകുടി സമയത്ത്‌ ആസൂത്രണം ചെയ്‌തുവെച്ചിട്ടുള്ളതായിരുന്നതിനാല്‍ പറയാനുള്ളതിനെ കുറിച്ചു പ്രത്യേക ആലോചനകളും കൂട്ടി തിങ്കിംഗും ഒന്നും വേണ്ടി വന്നില്ല. വെച്ചുകാച്ചി, നഗരത്തില്‍ 32 രൂപ കൊണ്ടും ഗ്രാമത്തില്‍ 26 രൂപ കൊണ്ട്‌ ഒരു ദിവസം ആര്‍ഭാടമായി തിന്നുന്നവനും കുടിച്ചു മദിക്കുന്നവനും ദരിദ്രനല്ല, അവര്‍ക്കു സൗജന്യങ്ങള്‍ വേണ്ട..!
ഒരു രൂപയ്‌ക്കു രണ്ടിടങ്ങഴി അരിയും ഒരു കോഴിയെ കൊടുത്താല്‍ ഒരു ചാക്ക്‌ പച്ചക്കറിയും പലവ്യഞ്‌ജനങ്ങളും കിട്ടുന്ന നമ്മുടെ രാജ്യത്ത്‌ 26 ഉം 32 ഉം ചെലവഴിക്കുക എന്നത്‌ ജന്മികള്‍ക്കു മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ലേ? അപ്പോള്‍ സര്‍ദാര്‍ജി മറ്റെന്തു പറയാന്‍..? അതു രാജ്യം ഭരിക്കുന്ന സര്‍ക്കാരിനും അരി വിളമ്പുന്ന മന്ത്രിമാര്‍ക്കും മനസിലായി. എന്നാല്‍, അതു ജനങ്ങള്‍ക്കു മനസിലാകാത്തതു സൗജന്യമായി എല്ലാം വാങ്ങാന്‍ കിട്ടുമെന്നു വിചാരിച്ചിട്ടല്ലേ?
അപ്പോഴാണ്‌ ഇടയ്‌ക്കിടക്കു നമ്മുടെ കടലോരങ്ങളില്‍ വന്ന്‌ അവിടെയുള്ളവരെയും മത്സ്യങ്ങളെയും ഇക്കിളിയാക്കാന്‍ വരുന്ന യൂറോപ്പുകാരുടെ വിഷമങ്ങള്‍ അറിഞ്ഞത്‌. കടുത്ത ദാരിദ്ര്യമാണു പോലും. ഒരു ദിവസം 100 ഡോളര്‍ (5000 രൂപയോളം) പോലും എടുക്കാനില്ലെന്നു അവര്‍ കരഞ്ഞു പറഞ്ഞാല്‍ ആര്‍ക്കാണു വിഷമം ഉണ്ടാകാതിരിക്കുക..? ഏതു തലേക്കെട്ടിയവന്റെയും കരള്‍ അലിഞ്ഞു പോകും. അലവലാതി എന്നു വിരോധമുള്ളവര്‍ വിളിക്കുമെങ്കിലും മൊണ്ടേക്‌ അണ്ണന്‍ കണ്ണില്‍ ചോരയില്ലാത്തവനല്ല.
യൂറോപ്പിന്റെ കണ്ണീര്‍ ഒപ്പാന്‍ ഞങ്ങള്‍ റെഡി! എന്നല്ലാതെ മറ്റെന്തു പറയാന്‍..? ദുഃഖങ്ങളും വിഷമങ്ങളും മനസിലാക്കാന്‍ കഴിയുന്നവര്‍ക്കു ഇങ്ങനെയല്ലാതെ മറ്റൊന്നും പറയാനുണ്ടാവില്ല. 32 രൂപ കൊണ്ടു മാത്രം ജീവിച്ചു ബാക്കി കൊണ്ടു ഖജനാവ്‌ നിറയ്‌ക്കുന്ന രാജ്യത്തിനു കൊടുക്കാന്‍ ഇഷ്ടം പോലെ ഉണ്ടല്ലോ... മറ്റു രാജ്യങ്ങളില്‍ 20 നും 30 നും പെട്രോള്‍ കിട്ടുമ്പോള്‍ ലിറ്ററിനു 70 രൂപ കൊടുത്തു വാങ്ങുന്നവരല്ലേ ഇവിടെയുള്ളവര്‍. 30 രൂപയ്‌ക്കും 100 രൂപയ്‌ക്കും അരി വാങ്ങി തിന്ന്‌ ആര്‍ഭാടം കാട്ടുകയല്ലേ?


വാലറ്റം: യൂറോപ്പില്‍ കൊണ്ടു കൊടുക്കാന്‍ തന്റെ കുടുംബത്തില്‍ നിന്നുണ്ടാക്കിയത്‌ എടുത്താല്‍ മതി. ഞങ്ങള്‍ അര മുറുക്കി ഉണ്ടാക്കി നികുതി കൊടുക്കുന്നതു വേണ്ട. ഇത്രയും മൂക്കുപിഴിഞ്ഞതു കൊണ്ടു ചോദിക്കുവാ, അണ്ണാ.. നിങ്ങള്‍ എന്നെങ്കിലും 26 രൂപയില്‍ കുറഞ്ഞ ഒരു ചായ കുടിച്ചിട്ടുണ്ടോ..? 32 രൂപയുടെ അരി വാങ്ങിയിട്ടുണ്ടോ.. ഇന്ത്യയിലെ ഏതെങ്കിലും ഒരു കടയില്‍ പോയി ഒരു നേരത്തെ ആഹാരം കഴിച്ചിട്ടുണ്ടോ..? രാജ്യത്തെ ഒരു അത്താഴ പട്ടിണിക്കാരെ പോലും കണ്ടിട്ടില്ലാത്ത നിങ്ങള്‍ യൂറോപ്യക്കാര്‍ക്കു വേണ്ടി ആസൂത്രണം നടത്തി ഞങ്ങളെ കൊന്നു തിന്നാതെ ഈ രാജ്യം വിട്ടു പോകാനുള്ള കരളലിവെങ്കിലും കാണിക്കണം.
(ഈ സംഭവം അറിഞ്ഞ രാജ്യത്തെ ഒരു പൗരന്റെ കമന്റ്‌)

1 comment:

sandeep salim (Sub Editor(Deepika Daily)) said...

"മിസ്റ്റര്‍ മന്‍മോഹന്‍സിങ്, കാഞിരമരത്തിന്‍റെ പിടി ഇട്ട ഒരു 'പിച്ചാത്തി' തരട്ടെ ..? ഒരുക്കൂട്ടം പട്ടിണിപാവങള്‍ ഈ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും പിഴച്ച്‌പോകുന്നുണ്ട്... ഞങളുടെ നെഞജത്തെക്ക് കുത്തിയിറക്കികോളൂ...അങ് ആ ദന്തഗോപുരത്തിലെ കനകസിംഹാസനത്തില്‍ നിന്നും ഇവിടെയുളള പച്ചമനുഷ്യരുടെ ഇടയിലേക്ക് ഒന്ന് ഇറങിനോക്കൂ...കുത്തക മുതലാളിമാര്‍ക്ക് വഴങാനാണു തീരുമാനമെങ്കില്‍ അവരെ കൈകാര്യം ചെയ്യുന്ന കാര്യം ഞങള്‍ക്കറിയാം... നിസ്സഹായരായ ഒരു ജനതയുടെ രക്തം തിളയ്ക്കുകയാണെന്ന് ഓര്‍മയിരിക്കട്ടെ,..!!!